മദ്രസാധ്യാപകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച ബൈക്കും സംഭവ ദിവസം ധരിച്ച വസ്ത്രങ്ങളും മറ്റും കണ്ടെടുത്ത ശേഷം അറസ്റ്റ്

പഴയ ചൂരിയില്‍ മദ്രസാധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളും പോലീസ് പിടിയിലായി. എന്നാല്‍ പ്രതികളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബൈക്കിലെത്തിയാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച ബൈക്കും സംഭവ ദിവസം ധരിച്ച വസ്ത്രങ്ങളും മറ്റും കണ്ടെടുത്തശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. മാര്‍ച്ച് 20ന് അര്‍ധ രാത്രിയിലാണ് മദ്രസാധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ അക്രമിക്കള്‍ വെട്ടിക്കൊന്നത്.
സംശയിക്കപ്പെടുന്ന മൂന്നു പ്രതികളില്‍ ഒരാള്‍ കൊലപാതക്കക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡോ എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അക്രമത്തിന്റെ പശ്ചാത്തലില്‍ മഞ്ചേശ്വരം, കാസര്‍കോഡ് താലൂക്കിലും ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയും രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെ ബൈക്ക് യാത്ര പോലീസ് നിരോധിച്ചിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പിന്‍വലിച്ചു. കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷന്‍ പരിധിയിലെ നിരോധനാജ്ഞയാണ് പിന്‍വലിച്ചത്. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബുവാണ് ഇക്കാര്യമറിയിച്ചത്. പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് മദ്രസാധ്യാപകന്‍ റിയാസ് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുള്‍ അസീസ് മുസല്യാരായിരുന്നു. അന്നു രാത്രി ശബ്ദം കേട്ടി അസീസ് ഓടിയെത്തിയപ്പോള്‍ റിയാസ് ആക്രമിക്കപ്പെടുന്നതാണ് കണ്ടത്. തുടര്‍ന്ന് പള്ളി ഖത്തീബ് മൈക്കിലൂടെ വിവരം അറിയിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് റിയാസ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha