ജിഷ്ണുപ്രണോയുടെ കുടുംബത്തെ പോലീസ് ബലം പ്രയോഗിച്ച്അറസ്റ്റ് ചെയ്‌ത് നീക്കി

പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി.ഓഫിസിനു മുമ്ബില്‍ സത്യാഗ്രഹം നടത്താനെത്തിയ മാതാപിതാക്കളെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ 10 മണിയോടെയാണ് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ അമ്മ മഹിജ എന്നിവര്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പം സമരത്തിനായി പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയത്.

ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും പിരിഞ്ഞു പോകണമെന്നും പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ സമാധാനപരമായി മാത്രമെ സമരം ചെയ്യുകയുള്ളൂവെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു. തുടര്‍ന്ന്, ഓഫീസിന് മുന്നിലെ റോഡില്‍ ഇരുന്ന ഇവരെ പൊലീസ് വനിതാ പൊലീസിന്റെ കൂടി സഹായത്തോടെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമം തുടങ്ങി. ഇത് പൊലീസും സമരക്കാരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പിന്മാറാന്‍ കൂട്ടാക്കാതിരുന്ന മഹിജ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. 15 മിനിട്ടോളം നീണ്ട ബലപ്രയോഗത്തിന് ശേഷം മാതാപിതാക്കളെ വലിച്ചിഴച്ച് വാനില്‍ കയറ്റി എ.ആര്‍ ക്യാന്പിലേക്ക് കൊണ്ടുപോയി.

കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതകള്‍ വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുക, കോടതിയില്‍ നടന്ന കേസ് അട്ടിമറി ശ്രമത്തെപ്പറ്റി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്നതിനായി ജിഷ്ണുവിന്റെ സഹപാഠികളും എത്തിയിട്ടുണ്ട്.

മുന്‍മ്പ് രണ്ടു തവണ ബന്ധുക്കള്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഏപ്രില്‍ നാലിനകം പ്രതികളെ പിടികൂടുമെന്ന ഡി.ജി.പി.യുടെ ഉറപ്പില്‍ സമരം മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് 88 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനുള്ള യാതൊരു നടപടികളും ഉണ്ടായില്ല. തുടര്‍ന്നാണ് സമരം നടത്താന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























