വയനാട്ടില്‍ പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ ഊരുവിലക്കിയതില്‍ ഇടപെട്ട് മോഡി

വയനാട് മാനന്തവാടിയില്‍ പ്രണയ വിവാഹിതരായ ദമ്പതികള്‍ക്ക് സമുദായം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. മാനന്തവാടി സ്വദേശികളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്കാണ് പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ കഴിഞ്ഞ നാലര വര്‍ഷമായി യാദവ സമുദായം ഊരു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ സുകന്യ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പരാതി നല്‍കുകയായിരുന്നു.
ആചാരം തെറ്റിച്ച് റജിസ്റ്റര്‍ വിവാഹം ചെയ്തതിനാണ് യാദവ സമുദായാംഗങ്ങളായിരുന്ന ദമ്പതികളെ ഇതേ സമുദായം തന്നെ പുറത്താക്കിയത്. ഇവരോട് ബന്ധം പുലര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെയും സമുദായം നടപടിയെടുത്തിരുന്നു. സമുദായത്തില്‍ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്നും ഇവര്‍ക്ക് വിലക്കുണ്ടായിരുന്നു.
ഇരുവരെയും കുലംകുത്തികളായി ചിത്രീകരിച്ച് ലഘുലേഖയും പുറത്തിറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് മൊബൈല്‍ ആപ്പ് വഴി സുകന്യ പ്രധാനമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. സുകന്യയുടെ പരാതി മാനന്തവാടി പോലീസാണ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha

























