കൊടി സുനിക്ക് പരോൾ. സുനിയെ പാർട്ടി കൈവിടില്ല.

തൃശൂർ: കൊടി സുനിക്ക് പരോൾ. എല്ലാം ശരിയാക്കാനിറങ്ങിയവർ സുനിയെ കൈവിടില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കൊടിസുനി പരോളിൽ വീട്ടിലെത്തി. അസുഖം ബാധിച്ച അമ്മയെ കാണാനായി പൊലീസ് അകമ്പടിയോടെയുള്ള അടിയന്തര പരോൾ ആണ് ജയിൽ വകുപ്പ് അനുവദിച്ചത്. വെള്ളിയാഴ്‌ച്ചയാണ് സുനി വിയ്യൂർ ജയിലിൽനിന്നും പുറത്തിറങ്ങിയത്. തിങ്കളാഴ്‌ച്ച തിരികെ ജയിലൽ എത്തുമെന്നാണ് പറയുന്നതെങ്കിലും പരോൾ നീട്ടി നൽകാൻ ശ്രമം നടക്കുന്നു.
പാർട്ടി അനുഭാവമുള്ള രണ്ട് പൊലീസുകാരാണ് സുനിക്ക് സുരക്ഷാ അകമ്പടിയുള്ളത്. ഗുരുതരാവസ്ഥയിലാണ് കൊടി സുനിയുടെ മാതാവ്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇവരെ അടുത്ത ദിവസമാണ് ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചത്. ഇതോടെയാണ് അമ്മ മരണക്കിടക്കയിലാണെന്ന് കാണിച്ച് സുനി അപേക്ഷ നൽകിയതും ജയിൽ സൂപ്രണ്ട് പ്രത്യേക താൽപ്പര്യപ്രകാരം.
നേരത്തെ ജനുവരിയിൽ ചേർന്ന ജയിൽ ഉപദേശകസമിതിക്ക് മുന്നിൽ പരോൾ അപേക്ഷയെത്തുന്നത് വിവാദമായിരുന്നു. അന്ന് മാധ്യമങ്ങൾ വിവാദമാക്കിയതോടെ അപേക്ഷ തള്ളി. വിയ്യൂർ സെൻട്രൽ ജയിലിൽ കൊടി സുനിക്ക് പുറമേ മുഹമ്മഹ് ഷാഫി, ടി.കെ.രജീഷ് എന്നിവർക്കാണു ശിക്ഷ അനുഭവിക്കുന്നത്. ഇതിൽ അത്യാവശ്യ ഘട്ടമാണെന്ന് മനസിലാക്കിയാണ് സുനിക്ക് ഇപ്പോൾ പരോൾ നൽകിയിരിക്കുന്നതെന്നാണ് ജയിൽ അധികൃതരുടെ പക്ഷം.
നേരത്തെ 1850 ജയിൽപ്പുള്ളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ശ്രമം നടത്തിയപ്പോഴും പട്ടികയിലെ ആദ്യ പേരുകാരിൽ ഒരാളായി കൊടി സുനിയും സംഘവും ഉൾപ്പെട്ടിരുന്നു. ഈ നീക്കത്തിന് പിന്നാലെയാണ് സുനിക്ക് പരോൾ അനുവദിച്ചതും. വാടക കൊലാളികളാണെന്നതിനാൽ കൊടി സുനിയും സംഘവും പുറത്തിറങ്ങുന്നതു ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പരോൾ അനുവദിക്കുന്നത് ഒഴിവാക്കണമെന്നും സ്‌പെഷൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് മറികടന്നു ജയിൽ ഉദ്യോഗസ്ഥർ ടിപി കേസ് തടവുകാർക്ക് അനുകൂലമായി സർക്കാരിനു ശുപാർശ സമർപ്പിച്ചിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ കലക്ടർ, കമ്മിഷണർ, ജില്ലാ ജഡ്ജി, ജയിൽ സൂപ്രണ്ട്, എംഎൽഎ തുടങ്ങിയവർ അടങ്ങുന്ന ജയിൽ ഉപദേശക സമിതിയും ഇവരുടെ പരോൾ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു. പൊലീസും ജയിൽ ഉപദേശക സമിതിയും അപേക്ഷ നിരസിക്കുന്ന തടവുകാർക്കു സർക്കാർ ഉത്തരവിലൂടെ പരോൾ അനുവദിക്കാൻ ഒരുങ്ങുന്നത് അത്യപൂർവമാണ്.
എന്നാൽ മരണാസന്നയായ മാതാവിനെ കാണാൻ ജയിൽപുള്ളിക്ക് അവകാശമുണ്ടെന്നും അതുകൊണ്ടാണ് പരോൾ എന്നുമാണ് ജയിൽ അധികാരികളുടെ വിശദീരണം. ടിപി കേസ് തടവുകാർ ജയിലിനുള്ളിൽ 'നല്ല പുള്ളികൾ' ആണെന്നുമാണ് ജയിൽ വിഭാഗം സർക്കാറിന് മുമ്പിൽ നൽകിയിരിക്കുന്ന വിശദീകരണം. കേരളത്തിൽ വിവാദം സൃഷ്ടിച്ച കേസിലെ തടവുപുള്ളികളായ ഇവർക്ക് ജയിലിലും പ്രത്യേക പരിഗണനകൾ ഉണ്ടെന്ന ആരോപണം ശക്തമാണ്.
https://www.facebook.com/Malayalivartha

























