മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം, ജനവിധി ഇന്നറിയാം

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ മലപ്പുറം ഗവ. കോളജില്‍ നടക്കും. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണുക.
പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെ ഹാളുകളില്‍ 12 മേശകള്‍ വീതവും മറ്റ് അഞ്ചു മണ്ഡലങ്ങള്‍ക്ക് 10 മേശകള്‍ വീതവും ഒരുക്കിയിട്ടുണ്ട്. എട്ടരയോടെ ആദ്യ ഫലസൂചനയും 12നു മുന്‍പായി അന്തിമഫലവും വരുമെന്നാണു കരുതുന്നത്.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടാകും. കേന്ദ്രസേനയ്ക്കാണ് സുരക്ഷാചുമതല. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ എം.ബി.ഫൈസല്‍, എന്‍ഡിഎയിലെ എന്‍.ശ്രീപ്രകാശ് എന്നിവര്‍ തമ്മിലാണു പ്രധാന പോരാട്ടം.
ആറു സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന, ദേശീയ നേതാക്കള്‍ കൂട്ടത്തോടെയെത്തുകയും ദേശീയ സംഭവവികാസങ്ങള്‍ മുഖ്യവിഷയമാവുകയും ചെയ്തു. വാശിയേറിയ പ്രചാരണമാണ് മലപ്പുറത്തു നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.
https://www.facebook.com/Malayalivartha

























