പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഊരു വിലക്ക്; യുവതി മൊബൈല്‍ ആപ്പിലൂടെ പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കി, പോലീസ് അന്വേഷണം തുടങ്ങി

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മാനന്തവാടിയില്‍ ദമ്പതിമാര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. വയനാട് മാനന്തവാടി സ്വദേശികളായ യാദവ സമുദായത്തില്‍പ്പെട്ട അരുണിനും സുകന്യയ്ക്കുമാണ് പ്രണയിച്ച് വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ മാത്രം സ്വന്തം സമുദായം ഊര് വിലക്ക് കല്‍പിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞിട്ട് നാലര വര്‍ഷത്തോളമായെങ്കിലും ആചാരം ലംഘിച്ചുവെന്നതിന്റെ പേരില്‍ മാത്രം സമുദായത്തില്‍ പെട്ടവരുടെ വിവാഹത്തിനോ മരണാനന്തര ചടങ്ങുകള്‍ക്കോ പോലും പങ്കെടുക്കുന്നതിന് സമുദായ പ്രവര്‍ത്തകര്‍ ഇവരെ സമ്മതിക്കുന്നില്ല. വീട്ടുകാരെയും തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് അരുണും സുകന്യയും പറയുന്നു. ഇവരുടെ കാര്യത്തില്‍ ഇടപെട്ടാല്‍ വീട്ടുകാരെയും ജാതിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രാവശ്യം ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് സുകന്യയുടെ കുടുംബത്തെ മൂന്ന് മാസത്തോളം ജാതിയില്‍ നിന്നും പുറത്താക്കിയിരുന്നു.
സ്വന്തം സമുദായത്തില്‍ പെട്ടവരാണ് അരുണും സുകന്യയുമെങ്കിലും സമുദായ പ്രവര്‍ത്തകര്‍ സമ്മതിക്കാത്തത് കൊണ്ട് നാലര വര്‍ഷം മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു. അന്നുമുതലാണ് ഇവര്‍ക്കും കുടുംബത്തിനും യാദവ സമുദായ പ്രവര്‍ത്തകര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് പേരും കുലംകുത്തികളാണെന്നും കളങ്കിതാരണെന്നും ചൂണ്ടിക്കാട്ടി ലഘുലേഖയും സമുദായ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മാനസികമായി തളര്‍ന്ന ദമ്പതികള്‍ പ്രധാനമന്ത്രിക്ക് മൊബൈല്‍ ആപ്പിലൂടെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് സമുദായക്കാരെയും ദമ്പതികളെയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha

























