ഹോള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവന്ന അരക്കോടി രൂപയുടെ സ്വര്‍ണത്തിനു സംഭവിച്ചത്

ഇന്നലെ രാവിലെ 8.35 ന് രാമനാട്ടുകരയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണു ഹോള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരികയായിരുന്ന 1.68 കിലോ ഗ്രാം സ്വര്‍ണം മോഷണംപോയത്. സംഭവവുമായി ബന്ധപ്പെട്ടു കസബ സി.ഐ. പി. പ്രമോദിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
രാമനാട്ടുകരിയിലെ മുബാറക്ക് ജ്വല്ലറിയിലെ ജീവനക്കാരനായ അബ്ദുള്‍ ഗഫൂറാണു ചിന്താവളപ്പിലെ സ്ഥാപനത്തില്‍ സ്വര്‍ണം ഹോള്‍മാര്‍ക്ക് ചെയ്യാനായി കൊണ്ടുവന്നത്. രണ്ടു വര്‍ഷമായി ഇയാള്‍തന്നെയാണ് സ്വര്‍ണം ഹാള്‍മാര്‍ക്കിങിനു കൊണ്ടുവരാറുള്ളത്. കെ.എസ്.ആര്‍.ടി. ബസിലാണ് സ്ഥിരമായി യാത്ര ചെയ്യാറുള്ളത്. ഇന്നലേയും കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്രചെയ്തത്.
ബസില്‍ തിരക്കായതിനാല്‍ ചവിട്ടുപടിക്കും കണ്ടക്ടറുടെ സീറ്റിനുമിടയിലുള്ള സ്ഥലത്ത് ബാഗ് വച്ചു. അബ്ദുള്‍ ഗഫൂര്‍ തൊട്ടടുത്ത് തന്നെ നിന്നു. വഴിക്കടവില്‍ നിന്നും കോഴിക്കോടേക്കുള്ള വഴിയില്‍ സ്വകാര്യ ബസിന്റെ സര്‍വീസ് മുടങ്ങിയതിനാല്‍ സാധരണയിലും അധികം തിരക്കുണ്ടായിരുന്നു. ബസ് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാഗുമായി പുറത്തിറിങ്ങി നടക്കുന്നതിനിടെയാണു സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്നു കസബ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ട ബാഗിനു പൂട്ടുണ്ടായിരുന്നില്ല. ബാഗിന്റെ സിബ്തുറന്ന് സ്വര്‍ണം എടുത്തശേഷം അടച്ചുവെക്കുകയും ചെയ്തിരുന്നു.
രാമനാട്ടുകരയില്‍ ബസ് നിര്‍ത്തിയതിനു ശേഷം പിന്നീട് ആറു സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടുണ്ട്. ഇവിടുത്തെ കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഥിരം മോഷ്ടാക്കളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ സമീപ കാലത്ത് ജയിലില്‍ നിന്നും പുറത്തിറിങ്ങിയ പ്രതികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നും കസബ പൊലീസ് അറിയിച്ചു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അബ്ദുള്‍ ഗഫൂര്‍ സ്വര്‍ണം ഹാള്‍മാക്ക് ചെയ്യാന്‍ എത്താറുണ്ട്. ഇത് മുന്‍കൂട്ടി അറിയാവുന്ന ആരെങ്കിലുമാണോ കവര്‍ച്ച നടത്തിയതെന്നും അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha





















