മന്ത്രിപദം തുലാസില്‍... മന്ത്രി മണി മാപ്പ് പറഞ്ഞിട്ടും നിലപാട് ശക്തമാക്കി പെമ്പിളൈ ഒരുമ

നാക്ക് പിഴച്ചതിന്റെ പേരില്‍ മന്ത്രി എംഎം മണി വീണ്ടും പുലിവാലിലായി. ആളെക്കൂട്ടാന്‍ കാച്ചിയ പ്രസംഗത്തില്‍ അവസാനം മന്ത്രി തന്നെ വീഴുന്ന മട്ടാണ്. മന്ത്രിയുള്‍പ്പെടെ സകല സിപിഎം നേതാക്കളും ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. അതേസമയം ലൈംഗിക ചുവയുള്ള പരാമര്‍ശം പോലും ജാമ്യമില്ലാ കേസ് ആണെന്നത് മന്ത്രി മണിയെ കുടുക്കും. ആരെങ്കിലുമൊരാള്‍ കേസ് കൊടുത്താല്‍ പോലും മന്ത്രിപദം തുലാസിലാകും.
അതിനിടെ പെമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുകയാണ്. മന്ത്രി മണി ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത് സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. എം.എം. മണി നേരിട്ട് മൂന്നാറില്‍ എത്തി മാപ്പുപറയണമെന്ന് ഉപരോധത്തിന് നേതൃത്വം നല്‍കുന്ന പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും പ്രതിഷേധിച്ചോട്ടെ, ഇവിടെ മൂന്നാറില്‍ എത്തി മണി മാപ്പു പറയണം ടിവിയില്‍ മാപ്പു ചോദിക്കണ്ട. അല്ലാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നും ഗോമതി പറഞ്ഞു.

പെമ്പിളൈ ഒരുമ സമരക്കാര്‍ക്കെതിരായ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നാണ് മണി പറഞ്ഞത്. വഴിത്തലയില്‍ റസിഡന്‍സ് അസോസിയേഷന്‍ പരിപാടി ഉദ്ഘാടനശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പഴയ മൂന്നാര്‍ റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് നാടകീയ അവസ്ഥ സൃഷ്ടിച്ചിരുന്നു. ഗോമതി ഉള്‍പ്പെടെ നാല് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതിഷേധത്തിനിടെ റോഡില്‍കിടന്ന പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പൊലീസ് നീക്കാന്‍ ശ്രമിച്ചത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും സൃഷ്ടിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയാണ്. കൂടുതല്‍ വനിതാ പൊലീസിനെ സ്ഥലത്ത് എത്തിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മണി കാലില്‍ വീണു മാപ്പു പറയണമെന്ന് ഗോമതി ആവശ്യപ്പെട്ടു. മണി മന്ത്രിയായതു സ്ത്രീകളുടെ വോട്ടുകൊണ്ടാണ്. മണി രാജിവയ്ക്കണമെന്നും ഗോമതി ആവശ്യപ്പെട്ടു.
എം.എം.മണിയെ വെറുതെവിടില്ല. ബോണസിനും ശമ്പളത്തിനും വേണ്ടിയാണ് പെമ്പിളൈ ഒരുമ സമരം ചെയ്തത്. മണി പാര്‍ട്ടിയില്‍ ഇരിക്കാനും മന്ത്രിസ്ഥാനത്ത് ഇരിക്കാനും യോഗ്യനല്ല. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണ്. തൊഴിലാളികള്‍ക്കെതിരെയാണ് സിപിഎമ്മെന്നും ഗോമതി ആരോപിച്ചു. ജീവന്‍ പോകുന്നത് വരെ സമരം ചെയ്യുമെന്നും അവര്‍ പറഞ്ഞു. സമരത്തിലെ മറ്റൊരു സ്ത്രീ ആത്മഹത്യാ ഭീഷണിയും മുഴക്കി.
മന്ത്രിവരാതെ ഉപരോധത്തില്‍ നിന്നും പിന്നോട്ട് പോവില്ലെന്ന് നേതാവ് ഗോമതി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ഗോമതി പൊട്ടിക്കരയുകയും ചെയ്തു. സ്ത്രീവോട്ടുനേടി സ്ത്രീകളെ അപമാനിക്കാന്‍ അനുവദിക്കില്ല. സ്ത്രീകളുടെ ശക്തി മന്ത്രി അറിയുമെന്നും ഗോമതി പറഞ്ഞു. മന്ത്രി പറയുന്നത് അനുസരിച്ചാണ് പൊലീസ് നീങ്ങുന്നത്. അത്രയും മോശമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. സമരത്തിനിടെ എന്താണ് മന്ത്രി കണ്ടത്? നിങ്ങള്‍ക്കും വീട്ടില്‍ ഭാര്യയും പെണ്‍കുട്ടികളും ഇല്ലേ എന്നും നേതാക്കള്‍ ചോദിച്ചു.
https://www.facebook.com/Malayalivartha


























