മന്ത്രി മണിക്കെതിരെ സമരം നടത്തുന്നത് യഥാര്‍ത്ഥ പെമ്പിളൈ ഒരുമൈ അല്ല'; ഗോമതി നടത്തുന്ന സമരം നാടകമെന്ന് ലിസി സണ്ണി

സംഘടനയുടെ പേരില്‍ മാത്രം ഒരുമൈ. മൂന്നാറില്‍ മന്ത്രി മണിക്കെതിരെ സമരം നടത്തുന്നത് യഥാര്‍ത്ഥ പെമ്പിളൈ ഒരുമൈ അല്ലെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്ന സമരത്തിനൊപ്പം തൊഴിലാളികളൊന്നും ഇല്ല. കൂടെയുളളത് അവരുടെ കൂട്ടുകാരികളും സ്വന്തക്കാരുമാണെന്നും ലിസി സണ്ണി പറഞ്ഞു. ഗോമതിയെ ഇപ്പോഴും പെമ്പിളൈ ഒരുമൈയില്‍ എടുത്തിട്ടില്ല. ഇപ്പോള്‍ നടത്തുന്ന നാടകം ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ല.
തൊഴിലാളികളെല്ലാം അവര്‍ക്ക് എതിരാണ്. സംഘടനയില്‍ നിന്നും പുറത്താക്കിയശേഷം ഗോമതിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍വരാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് സ്റ്റാറാകാനുളള തന്ത്രമാണ് ഇപ്പോഴത്തെ സമരം. മന്ത്രി മണിയുടെ വാക്കുകളോട് യോജിക്കാനാവില്ല. തന്നെ ആരും സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടില്ല. ഇപ്പോഴും പ്രസിഡന്റ് താന്‍ തന്നെയാണെന്നും ലിസി പറഞ്ഞു. സിപിഐഎമ്മില്‍ നിന്നും രാജിവെച്ച ഗോമതിയെ പെമ്പിളൈ ഒരുമൈയില്‍ തിരികെ എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭിന്നതകളുണ്ടായത്.
ഗോമതിയുടെ തിരിച്ചുവരവിനെ പ്രസിഡന്റ് ലിസി സണ്ണി എതിര്‍ത്തിരുന്നു. മുന്‍പ് സംഘടനയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊക്കെ ഗോമതി മറുപടി പറയണമെന്നും ലിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗോമതി സംഘടനയിലെ കുറച്ചുപേരുമായി ദേവികുളം സബ്കളക്ടര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചിരുന്നു.
കൂടാതെ സംഘടനയിലെ കുറച്ചുപ്രവര്‍ത്തകരെ കൂട്ടി ലിസി സണ്ണി തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കുന്നില്ലെന്ന് കാട്ടി പുറത്താക്കിയതായി നോട്ടീസ് ഇറക്കിയിരുന്നു. ഇത്തരം ഭിന്നതകള്‍ പെമ്പിളൈ ഒരുമൈയില്‍ നിലനില്‍ക്കുമ്പോഴാണ് മന്ത്രി മണിയുടെ വിവാദപരാമര്‍ശം ഉണ്ടാകുന്നതും ഗോമതി സമരത്തിലേക്ക് നീങ്ങിയതും.
https://www.facebook.com/Malayalivartha


























