പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു, മണി രാജി വയ്ക്കാതെ സഹകരിക്കില്ലെന്ന് പ്രതിപക്ഷം

മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാനടപടികള്‍ തുടര്‍ച്ചയായി സ്തംഭിപ്പിച്ചതിനെ തുടര്‍ന്ന് പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ബഹളത്തില്‍ മുങ്ങി. സഭാനടപകള്‍ തുടരാനാവാതെ വന്നതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണി രാജി വയ്ക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ച മണിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം ആരോപിച്ചു.
തെറ്റ് ചെയ്തതതു കൊണ്ടാണ് മണി ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ലെന്നും സഭ ബഹിഷ്‌കരിച്ച ശേഷം ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മണിയുടെ പ്രസ്താവന സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ശൂന്യവേളയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനിടെയും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ചെയറിന് മുന്നില്‍ പ്രതിഷേധിച്ച അംഗങ്ങള്‍, കറുത്ത ബാനര്‍ ഉയര്‍ത്താനും ശ്രമിച്ചു. ഇതോടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സഭ നിറുത്തി വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം മടങ്ങിയെത്തി ബഹളം തുടര്‍ന്നു. ഇതോടെയാണ് ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞത്.
https://www.facebook.com/Malayalivartha


























