ഒരു വര്‍ഷമാവാത്ത എസ്.ബി.ഐ. എസ്.ബി. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്താല്‍ പിഴ

ഒരുവര്‍ഷമാവാത്ത എസ്.ബി.ഐ. എസ്.ബി. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ 1145 രൂപ പിഴ. ആറുമാസത്തിനിപ്പുറം തുടങ്ങിയ അക്കൗണ്ടാണെങ്കില്‍ 500 രൂപ പിഴയും 14.5 ശതമാനം സര്‍വീസ് ചാര്‍ജും ഈടാക്കും.
എസ്.ബി.ഐ.യില്‍ ഈ പുതുക്കിയ സര്‍വീസ് ചാര്‍ജ് നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വന്നതാണ്. എസ്.ബി.ഐ., എസ്.ബി.ടി. ലയനം പൂര്‍ണമായതോടെ കഴിഞ്ഞ ദിവസംമുതല്‍ മുന്‍ എസ്.ബി.ടി. ശാഖകള്‍ക്കും ഇത് ബാധകമായി.
മിനിമം ബാലന്‍സ് തുക കുത്തനെ ഉയര്‍ത്തിയതിനുപിന്നാലെയാണ് എസ്.ബി.ഐ. ഓരോരോ നിബന്ധനകളുമായി ഇടപാടുകാരെ പിഴിയുന്നത്. ഇടപാടിന്റെ കാലയളവില്‍ എപ്പോഴെങ്കിലും മിനിമം ബാലന്‍സ് ഇല്ലാതെയോ നിശ്ചിത തവണയില്‍ക്കൂടുതല്‍ പണം പിന്‍വലിച്ചോ പിഴ വന്നിട്ടുണ്ടെങ്കില്‍ അതും അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോള്‍ ഈടാക്കും.
ഒരാള്‍ ഒരേ ബാങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുടങ്ങുന്നത് അനുവദനീയമല്ല. ഇതനുസരിച്ച് ബാങ്ക് ലയനം വന്നപ്പോള്‍ എസ്.ബി.ടി. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തവര്‍ക്കും പിഴ എസ്.ബി.ഐ. നിരക്കുകള്‍ പ്രകാരമാണ്.
https://www.facebook.com/Malayalivartha


























