മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെണ്‍കള്‍ ഒരുമൈ നടത്തുന്ന സമരം അഞ്ചാം ദിനത്തിലേക്ക്; പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത

മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെണ്‍കള്‍ ഒരുമൈ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത. അവര്‍ക്കു പിന്തുണ നല്‍കേണ്ടെന്നും യു.ഡി.എഫ്. ഒറ്റയ്ക്ക് സമരം നടത്തിയാല്‍ മതിയെന്നുമുള്ള നിലപാടിലാണ് കെ.പി.സി.സി. വൈസ്പ്രസിഡന്റും മുന്‍ ദേവികുളം എം.എല്‍.എയുമായ എ.കെ. മണി ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍.
ഇന്നലെ മൂന്നാറില്‍ യു.ഡി.എഫിന്റെ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പെണ്‍കള്‍ ഒരുമൈയുടെ സമരപ്പന്തലില്‍ പോകരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇവരുടെ അതൃപ്തി കണക്കാക്കാതെ ഉമ്മന്‍ ചാണ്ടി സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.
എ.കെ. മണിയടക്കമുള്ള മൂന്നാറിലെ നേതാക്കള്‍ ഒപ്പം പോയില്ല. ഉമ്മന്‍ ചാണ്ടി മടങ്ങിയതിനു പിന്നാലെ എ.കെ. മണി അദ്ദേഹത്തിന്റെ നിലപാടില്‍ പ്രതിഷേധിക്കുകയും ചെയ്തു.
'ഉമ്മന്‍ ചാണ്ടി പെണ്‍കള്‍ ഒരുമൈയുടെ സമരപ്പന്തലില്‍ പോയത് അദ്ദേഹത്തിന്റെ ഇഷ്ടത്തിനായിന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് സമരം ചെയ്തു പാര്‍ട്ടിയെ വളര്‍ത്തേണ്ട ഗതികേട് കോണ്‍ഗ്രസിനും ഐ.എന്‍.ടി.യു.സിക്കുമില്ല' എന്നാണ് ഇതേപ്പറ്റി അദ്ദേഹം പ്രതികരിച്ചത്.
മണിയുടെ രാജി ആവശ്യപ്പെട്ട് നാളെ തൊഴിലാളി സ്ത്രീകളെ അണിനിരത്തി റാലി നടത്തുമെന്നും മണി പറഞ്ഞു. ഇന്നലെ രാവിലെ മൂന്നാറിലെത്തിയ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചയ്ക്കു ശേഷമാണ് പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയത്. പി.സി. വിഷ്ണുനാഥ്, സി.പി. ജോണ്‍, ജോണി നെല്ലൂര്‍, ജോസഫ് വാഴയ്ക്കന്‍, ലാലി വിന്‍സെന്റ്, ലതികാ സുഭാഷ്, റോയി കെ. പൗലോസ്, ഇ.എം. ആഗസ്തി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
എം.എം.മണി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ തടസപ്പെടുത്താനാണ് വിവാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനു ശേഷമാണ് പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് പെണ്‍കള്‍ ഒരുമൈ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കള്‍ ഒരുമൈ സമരത്തിനൊപ്പമുണ്ട്.
പെണ്‍കള്‍ ഒരുമൈ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഗോമതി അഗസ്റ്റിന്‍, കൗസല്യ രാജേന്ദ്രന്‍, രാജേശ്വരി, ആം ആദ്മി നേതാവ് സി.ആര്‍. നീലകണ്ഠന്‍ എന്നിവരാണ് സമരപ്പന്തലില്‍ നിരാഹാരമനുഷ്ഠിക്കുന്നത്
https://www.facebook.com/Malayalivartha


























