സഹതടവുകാരനെ മര്‍ദിച്ചു; കെഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി

നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കെഡല്‍ ജീന്‍സണ്‍ രാജയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ജില്ലാ ജയിലില്‍ സഹതടവുകാരനെ മര്‍ദിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയതെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.
റിമാന്‍ഡില്‍ ജയില്‍ കഴിഞ്ഞിരുന്ന കെഡല്‍ തിങ്കളാഴ്ച്ച രാത്രി ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു സഹതടവുകാരനെ മര്‍ദിച്ചെന്നാണു ജയില്‍ അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് ഇന്നലെ ഇയാളെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ മനോരോഗ വിദഗ്ധന്‍ പരിശോധിച്ചു കാഡല്‍ മാനസിക വിഭ്രാന്തി കാണിക്കുന്നതായി സര്‍ട്ടിഫിക്കറ്റ് നല്‍കി.
തുടര്‍ന്നു ജയില്‍ സൂപ്രണ്ട് ഇതുമായി കോടതിയില്‍ പോയി. മാനസിക വിഭ്രാന്തി കാണിക്കുന്നവരെ ജയിലില്‍ പാര്‍പ്പിക്കാന്‍ പാടില്ലെന്ന ജയില്‍ ചട്ടം കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കെഡലിനെ പത്തു ദിവസത്തെ നിരീക്ഷണത്തിനായി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
നേരത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചപ്പോഴാണു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയുടെ മാനസികാരോഗ്യം മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു കോടതി ഇതുവരെ പരിഗണിച്ചിരുന്നില്ല. അതു മേയ് ആറിനു കോടതി പരിഗണിക്കും. അതിനിടെയാണ് ഈ സംഭവം. ഇന്നലെ റിമാന്‍ഡ് കാലാവധി അവസാനിച്ച കെഡലിന്റെ റിമാന്‍ഡ് മേയ് ഒന്‍പതു വരെ നീട്ടി.
https://www.facebook.com/Malayalivartha


























