കടുത്ത വേനലില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി വാട്ടര്‍ അതോറിട്ടി

വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന നഗരജീവിതത്തിന് ആശ്വാസവുമായി നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് ഇന്ന് വെള്ളം ഒഴുകും. ഡ്രഡ്ജര്‍ വഴി പമ്പിംഗ് നടത്തി പൈപ്പിലൂടെയും തോട്ടിലൂടെയും ഒഴുക്കിയാണ് വെള്ളം അരുവിക്കര റിസര്‍വോയറില്‍ എത്തിക്കുന്നത്. റെക്കാര്‍ഡ് വേഗത്തില്‍ തീര്‍ത്ത പണിയിലൂടെ വാട്ടര്‍ അതോറിട്ടി ഒരു കുതിപ്പാണ് നടത്തിയിരിക്കുന്നത്. പണി എന്ന് തീരും എന്ന് ഉറപ്പില്ലാതിരുന്നിടത്താണ് മിന്നല്‍ വേഗത്തില്‍ പണി നടത്തി വെള്ളം എത്തിക്കുന്നത്. രാപ്പകല്‍ പണിയെടുത്താണ് കടുത്ത വേനലില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി വാട്ടര്‍ അതോറിട്ടി എത്തിയത്.
കഴിഞ്ഞ ദിവസം സ്ഥാപിച്ച ഡ്രഡ്ജറില്‍ നിന്നാണ് പമ്പിംഗ്. ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറവായതിനാല്‍ രണ്ടാമതൊരു ഡ്രഡ്ജര്‍ കൂടി സ്ഥാപിച്ച് കൂടുതല്‍ വെള്ളം ഒഴുക്കാന്‍ കഴിയുന്ന രീതിയില്‍ പമ്പിംഗ് നടത്തും. ഇതിന്റെ പണി നാല് ദിവസത്തിനകം പൂര്‍ത്തിയാകും. പേപ്പാറ ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയെ ഇതിലൂടെ നേരിടാനാകും. നെയ്യാറില്‍നിന്ന് വെള്ളമെത്തുമെങ്കിലും കുടിവെള്ളത്തിന് നിലവിലുള്ള നിയന്ത്രണം തുടരും. നിയന്ത്രണം തുടരുന്നതിലൂടെ മെയ് 22 വരെ കുടിവെള്ള വിതരണം നടത്താന്‍ കഴിയുമെന്നാണ് വാട്ടര്‍ അതോറിറ്റി പ്രതീക്ഷിക്കുന്നത്. അതുവരെയുള്ള വെള്ളമേ പേപ്പാറ ഡാമിലുള്ളൂ. അതിന് ശേഷമുള്ള ദിവസങ്ങളില്‍ വെള്ളം വിതരണം ചെയ്യാനാണ് നെയ്യാറില്‍ നിന്ന് വെള്ളം കൊണ്ടുവരുന്നത്.
അതേസമയം വെള്ളമില്ല എന്ന മുറവിളിക്ക് തെല്ല് ശമനം വന്നിട്ടുണ്ട്. 51 കേന്ദ്രങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് വെള്ളം നല്‍കി വരികയാണ്. കിയോസ്‌കുകളില്‍ വെള്ളം തീരുന്നതിനനുസരിച്ച് നിറച്ചുകൊണ്ടിരിക്കും. ടാങ്കര്‍ ലോറികളിലും വെള്ളം എത്തിക്കുന്നുണ്ട്. ദിവസം നൂറിലേറെ ടാങ്കറുകളാണ് വെള്ളവുമായി പായുന്നത്.
കിയോസ്‌കുകളില്‍ വെള്ളം കിട്ടുന്ന സ്ഥലങ്ങള്‍
വലിയശാല, കവടിയാര്‍, ജവഹര്‍നഗര്‍, അമ്പലംമുക്ക്, നന്തന്‍കോട്, മണ്ണാമൂല, വെള്ളയമ്പലം, ഋഷിമംഗലം, വലിയവേളി, നബാര്‍ഡ്, ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി, ഡി.എച്ച്.എസ്, കണ്ണാശുപത്രി, പി.എച്ച്. ലാബ്, മെഡിക്കല്‍ കോളേജ്, ഫോര്‍ട്ട് ആശുപത്രി, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം, പേരൂര്‍ക്കട ആശുപത്രി, ആയുര്‍വേദ കോളേജ്, കണ്‍സ്യൂമര്‍ഫെഡ്, ബി.എസ്.എന്‍.എല്‍ ഓഫീസ് ക്വാര്‍ട്ടേഴ്സ്, താലൂക്ക് ആശുപത്രി, തൈയ്ക്കാട് ഗവ.ഗസ്റ്റ്ഹൗസ്, മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ്, സെക്രട്ടറിയേറ്റ് നോര്‍ത്ത്, സെക്രട്ടറിയേറ്റ് സൗത്ത്, ശ്രീകാര്യം പോലീസ് സ്റ്റേഷന്‍, അമ്മത്തൊട്ടില്‍, തമ്പാനൂര്‍ ആര്‍.എം.എസ്, നാട്പാക്, സര്‍വവിഞ്ജാനകോശം, ശാസ്തമംഗലം ആശുപത്രി, ബാര്‍ട്ടണ്‍ ഹില്‍ വനിതാ ഹോസ്റ്റല്‍, എല്‍.ഐ.സി, ഡി.പി.ഐ, മുട്ടത്തറ സ്വീവേജ് പ്ലാന്റ്, കവടിയാര്‍ വിമന്‍സ് ഡെവലപ്മെന്റ്, പാളയം മെന്‍സ് ഹോസ്റ്റല്‍.
https://www.facebook.com/Malayalivartha


























