നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് ടി.പി. സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന വിധി നടപ്പാക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാത്തതിനാലാണ് തീരുമാനം. തിങ്കളാഴ്ച സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. സെന്‍കുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്.
അടുത്ത ദിവസം തന്നെ വിധിയുടെ പകര്‍പ്പും തന്നെ ഉടന്‍ നിയമിക്കണമെന്ന കത്തും സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി. എന്നാല്‍ സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും ഉപദേശം കൂടി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവരും നിയമ സെക്രട്ടറിയും വിധി നടപ്പാക്കണമെന്ന ഉപദേശമാണു സര്‍ക്കാരിനു നല്‍കിയത്. വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കേണ്ടതില്ലെന്നു നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, കോടതി ഉത്തരവില്‍ നടപടിയുണ്ടാകാത്തതിനാലാണ് സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെങ്കില്‍ അദ്ദേഹത്തെ മാറ്റിയ 2016 ജൂണ്‍ ഒന്നിലെ ഉത്തരവ് റദ്ദാക്കണം. ആ ഉത്തരവിലാണു ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായും ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചത്. എന്‍.ശങ്കര്‍ റെഡ്ഡിയെ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയതും അതേ ഉത്തരവിലായിരുന്നു. ആ ഉത്തരവു റദ്ദാക്കിയാല്‍ മറ്റു മൂന്നു പേരുടെ കാര്യം എന്താകും എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ സംശയം.
https://www.facebook.com/Malayalivartha


























