കലശലായ വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പതിനാലുകാരി പ്രസവിച്ചു

കലശലായ വയറുവേദനയെ തുടര്‍ന്ന് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14 കാരി പെറ്റമ്മയെപോലും ഞെട്ടിച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വിളപ്പില്‍ ശാല കാരോട് വാടകയ്ക്ക് താമസിക്കുന്ന ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ കൂലിപ്പണിക്കാരിയായ സ്ത്രീയുടെ മകളാണ് ഇന്നലെ പ്രസവിച്ചത്.
അതി കഠിനമായ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ അമ്മ തന്നെയാണ് വ്യാഴാഴ്ച രാത്രി എട്ടിന് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടു പോയത്. പ്രഥമ ദൃഷ്ട്യാ സംശയം തോന്നിയ വനിതാ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് അടിയന്തിര വൈദ്യസഹായം നല്‍കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി. അമ്മയും കുഞ്ഞും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലയിന്‍കീഴ് സിഐയുടെ നേതൃത്വത്തില്‍ വിളപ്പില്‍ശാല എസ്‌ഐ , വനിതാ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായതാകാമെന്ന് പോലീസ് ബലമായി സംശയിക്കുന്നുണ്ട്. കുട്ടിക്കാലത്തു തന്നെ പിതാവ് ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയെ മാതാവ് വീട്ടു ജോലി ചെയ്താണ് വളര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പ്രതി എന്നു സംശയിക്കുന്നയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha


























