കുപ്രസിദ്ധ കുറ്റവാളി പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു: രക്ഷപ്പെട്ടത് മുന്നൂറിലധികം കേസുകളിലെ പ്രതി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കുപ്രസിദ്ധ കുറ്റവാളി കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുവരവേ പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു കൊലപാതകമടക്കം മുന്നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എറണാകുളം ബിജു എന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന നദീര്‍ ഖാന്‍ (42) എന്ന കുപ്രസിദ്ധ കുറ്റവാളിയാണ് പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ടത്.
കൊടും ക്രിമിനലായിട്ടും മതിയായ സുരക്ഷയില്ലാതെയാണ് ഇയാളെ കോടതിയിലെത്തിച്ചത്. കൈയില്‍ വിലങ്ങുപോലും അണിയിച്ചിരുന്നില്ല. ഏഴുമാസം മുമ്പ് നടന്ന പീഡനക്കേസിന്റെ വിചാരണയ്ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുന്ന വഴിക്കാണ് രക്ഷപ്പെടല്‍. എറണാകുളം ബിജു ഉള്‍പ്പടെ മൂന്നുപേരെയാണ് വ്യത്യസ്ത കേസുകളിലായി കോടതിയില്‍ ഹാജരാക്കാനായി കൊണ്ട് വന്നത്. മൂന്ന് പ്രതികളെയും വിലങ്ങണിയിക്കാതെയാണ് കോടതിയിലെത്തിച്ചത്.
കോടതിയില്‍ ഹാജരാക്കി വിചാരണക്കുശേഷം തിരികെ ജയിലിലേക്ക് പോകുന്നതിനായി ബസ് സ്‌റ്റോപ്പില്‍ അഞ്ച് മിനിറ്റോളം നില്‍ക്കുകയും ബസ് വന്നയുടന്‍ മറ്റ് രണ്ട് പ്രതികളും ബസില്‍ കയറി. മൂന്നാമതായി കയറാന്‍ നിന്ന ബിജു പിന്നില്‍ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. ദേശീയ പാതയിലൂടെ 50 മീറ്ററോളം ഓടിയ ശേഷമാണ് പ്രതി നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് പിന്തുടര്‍ന്ന ബൈക്കില്‍ കയറി രക്ഷപെട്ടത്.
കൊലപാതകം മോഷണശ്രമം സ്പിരിറ്റ് കടത്ത് പീഡനം കൂലിത്തല്ല് അടക്കം മുന്നൂറോളം കേസുകളുള്ള പ്രതിയെ വെറും നാലു പൊലീസുകാരുടെ അകമ്പടിയില്‍ കെഎസ്ആര്‍ടിസി ബസിലാണ് കോടതിയിലേക്കു കൊണ്ടുപോയത്. അതേസമയം ഇയാള്‍ ജയില്‍ ചാടുമെന്ന് ഇന്റലിജന്‍സ് വിഭാഗം നേരത്തെ തന്നെ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നിട്ടും കെ.എസ്.ആര്‍.ടി.സി ബസില്‍ കാര്യമായ കാവലില്ലാതെ ഇയാളെ കൊണ്ടുപോയത് സംഭവത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ജയില്‍ചാടി നാല് പോലീസുകാരെ കൊല്ലുമെന്ന് ഇയാള്‍ നേരത്തെ ഭീഷണിമുഴക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്.
ബിജുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ബസിനെ പിന്തുടര്‍ന്ന ബൈക്കിലാണ് രക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര ആലുംമൂട് ജങ്ഷനില്‍ വച്ച് ഇയാള്‍ പള്‍സര്‍ ബൈക്കില്‍ ഓടിക്കയറുകയായിരുന്നു. ബസില്‍നിന്ന് ഇറങ്ങിയോടിയ ബിജു അതിസാഹസികമായി ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ചാടിക്കയറുകയായിരുന്നു. പോലീസ് പിറകേ ഓടിയിട്ടും പ്രതിയെ പിടികൂടാനായില്ല. മറ്റൊരു കുപ്രസിദ്ധ കുറ്റവാളി പറക്കുംതളിക ബൈജുവിന്റെ ബൈക്കിലാണ് രക്ഷപ്പെട്ടതെന്നു പറയപ്പെടുന്നു.
https://www.facebook.com/Malayalivartha


























