കൊച്ചിയിലെ പോലീസ് ഉന്നതതല യോഗത്തിലും പോലീസ് മേധാവിയായി ബഹ്‌റ; പുതിയ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുക്കും

സുപ്രീം കോടതി വിധി നിലനില്‍ക്കെ പോലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍ നടക്കുന്നു. സുപ്രീം കോടതി, നിയമനം റദ്ദാക്കിയ ഡിജിപി ലോകനാഥ് ബെഹ്‌റ തന്നെ പോലീസ് മേധാവിയായി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് സെന്‍കുമാര്‍ കേസിന്റെ വിധിയിലൂടെ സുപ്രീം കോടതി ബെഹ്‌റയുടെ നിയമനം റദ്ദാക്കിയത്. ഈ വിധി മുന്നില്‍ നില്‍ക്കെയാണ് ബെഹ്‌റ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.
പോലീസ് മേധാവിയായുള്ള ലോകനാഥ് ബെഹ്‌റയുടെ നിയമനം അസാധുവാക്കുന്നതാണ് സെന്‍കുമാര്‍ കേസിലെ സുപ്രീം കോടതി വിധി. 2016 ജൂണ്‍ ഒന്നിന് ബെഹ്‌റയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നു എന്നുതന്നെയാണ് പരാമര്‍ശം. പരമോന്നത കോടതി ഇത്ര വ്യക്തമായി പറഞ്ഞ ശേഷം നടക്കുന്ന ആദ്യ പോലീസ് യോഗത്തിലും പക്ഷെ, പോലീസ് മേധാവിയായി തന്നെ അദ്ദേഹം പങ്കെടുക്കുമെന്നാണ് തീരുമാനം.
തിങ്കളാഴ്ചത്തെ കണ്ണൂര്‍ യോഗത്തിന് തൊട്ടുമുന്‍പാണ് ലോകനാഥ് ബെഹ്‌റയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തിയത്. വിധിയുടെ വിശദാംശങ്ങള്‍ അപ്പോള്‍ പുറത്തുവന്നിരുന്നില്ല എന്നതിനാല്‍ മുന്‍നിശ്ചയിച്ചപടി തന്നെ യോഗം നടന്നു. ഇപ്പോള്‍ കോടതിവിധിയുടെ പകര്‍പ്പ് ഔദ്യോഗികമായി സര്‍ക്കാരിന് ലഭിച്ചു. എന്നാല്‍ നിലപാടില്‍ മാറ്റമില്ല. ബെഹ്‌റക്കൊപ്പം മുഖ്യമന്ത്രിയുടെ പുതിയ പോലീസ് ഉപദേഷ്ടാവ് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയും കൊച്ചി യോഗത്തില്‍ പങ്കെടുക്കും. വിരമിച്ചത് മുതല്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ശ്രീവാസ്തവ കണ്ണൂര്‍ യോഗത്തില്‍ പങ്കെടുത്ത് പൊലീസുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് വിവാദമായെങ്കിലും കൊച്ചി യോഗത്തിലും പങ്കെടുക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha


























