പീഡനത്തിന് തടവ് അനുഭവിക്കുന്ന പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത് വിശ്വസിക്കാതെ പോലീസ്

പീഡനക്കേസില്‍ തടവു ശിക്ഷ അനുഭവിക്കുന്ന പ്രതി കോടതിയില്‍ വിചാരണ കഴിഞ്ഞിറങ്ങുമ്പോള്‍ ഓടി രക്ഷപ്പെട്ടത് പോലീസിന് നാണക്കേടായി. വെള്ളിയാഴ്ച ഉച്ചയോടെ നെയ്യാറ്റിന്‍കര കോടതിയില്‍ വെച്ചായിരുന്നു സംഭവം. പ്രതി ജയില്‍ ചാടുമെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കിട്ടിയിട്ടും പോലീസിന്റെ മൂക്കിന് കീഴില്‍ നിന്നും 250 ലേറെ കേസുകളില്‍ പ്രതിയായ ആര്യനാട് ഉണ്ടപ്പാറ സ്വദേശി നാദിര്‍ഖാന്‍ എന്ന ബിജു (38) ആണ് രക്ഷപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇപ്പോള്‍ ശിക്ഷ അനുഭവിച്ചു വരുന്നത്. വെള്ളറടയില്‍ മാല പിടിച്ചുപറിച്ച കേസിലായിരുന്നു വിചാരണയ്ക്ക് കൊണ്ടുവന്നത്. പ്രതിയെ ഒരു കൈവിലങ്ങ് ഇട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. വിചാരണയ്ക്ക് കയറുമ്പോള്‍ വിലങ്ങഴിച്ചിരുന്നു. കോടതിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു കയ്യിലേ വിലങ്ങുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പോലീസുകാര്‍ പ്രതിയുമായി ബസ് സ്‌റ്റോപ്പില്‍ എത്തിയപ്പോള്‍ പ്രതി പോലീസിനെ പിടിച്ചു തള്ളി ഓടുകയായിരുന്നു. ഇതിന് പിന്നാലെ നേരത്തേ പ്ലാന്‍ ചെയ്തിരുന്ന പോലെ ബൈക്കുമായി സഹായി എത്തുകയും പ്രതി ബൈക്കില്‍ ചാടിക്കയറി രക്ഷപ്പെടുകയും ചെയ്തു.
മറ്റൊരു കുറ്റവാളി മാമ്പഴക്കര സ്വദേശി ബൈജുവിന്റേതാണ് ഈ ബൈക്ക് എന്നാണ് കരുതുന്നത്. ബൈക്ക് തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചു പോകുകയും ചെയ്തു. കറുത്ത ടീ ഷര്‍ട്ടും പാന്റ്‌സുമാണ് പ്രതിയുടെ വേഷം. ഏഴുമാസം മുമ്പാണ് പ്രതി ജയിലിലായത്. പിടിച്ച പോലീസുകാര്‍ക്ക് നേരെ വധഭീഷണിയും മുഴക്കിയിരുന്നു. പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും കരുതല്‍ നടപടിയെടുക്കാതിരുന്ന പോലീസിന്റെ വീഴ്ച അന്വേഷിക്കും. പ്രതിക്കായി വ്യാപകമായ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























