പൊന്നുപോലെ നോക്കി വളര്‍ത്തി; എന്നിട്ടും വിഷ്ണു നീ അടിച്ചുവീഴ്ത്തിയല്ലോ....

മകനെ പോലെ നോക്കി വളര്‍ത്തിയ വിഷ്ണുശങ്കറിന്റെ വികൃതിക്ക് മുന്നില്‍ ജീവന്‍ പൊലിഞ്ഞത് ആനപാപ്പാന്മാരിലെ അഗ്രഗണ്യന്‍ തലയോലപ്പറമ്പ് സ്വദേശി സന്തോഷ് . ശനിയാഴ്ച രാത്രി ചേര്‍ത്തലയിലെ ഉത്സവത്തിനിടെയാണ് ആന സന്തോഷിനെ ആക്രമിച്ചത് . നിരന്തരം ഉത്സവപ്പറമ്പുകളെ വിറപ്പിച്ചതിന്റെ പേരില്‍ ബന്ധനസ്ഥനായ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ എന്ന കൊമ്പനെ മെരുക്കാനായിരുന്നു ഒന്നര വർഷം മുന്‍പ് സന്തോഷ് തൃശ്ശൂരിലേക്ക് യാത്ര തിരിച്ചത്.
'അവന് വെള്ളവും തീറ്റയും കൊടുക്കാന്‍ പോലും ആരുമില്ലത്രെ. മുതലാളി വിളിച്ചിരുന്നു. അവനെ നന്നാക്കാന്‍ പറ്റുമോ നോക്കട്ടെ....' ചുരുങ്ങിയ വാക്കുകളില്‍ വിശേഷങ്ങള്‍ പങ്കുവച്ച് ആനപ്പാപ്പാന്‍മാരിലെ അഗ്രഗണ്യന്‍ ബസ് കയറി. പൂരം മുടക്കി എന്ന ചീത്തപേരു പഴങ്കഥയാക്കി പഴയ പ്രതാപത്തോടെ വിഷ്ണു ശങ്കറിനെ ഉത്സവ പറമ്പുകളില്‍ തിരിച്ചെത്തിച്ച സന്തോഷിനു ഒടുവില്‍ ദാരുണാന്ത്യമാണ് സംഭവിച്ചത്.
2015ല്‍ തൂതയിലെ പൂരത്തിനിടെ ഒന്നാം പാപ്പാനെ കുത്തിപ്പരുക്കേല്‍പ്പിച്ച ആനയെ മറ്റു പാപ്പാന്‍മാര്‍ ചേര്‍ന്നാണ് തളച്ചത് . പിന്നീട് തൃശൂരിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചെങ്കിലും മദപ്പാടു കഴിഞ്ഞു തൊട്ടടുത്ത ഉത്സവകാലത്ത് അഴിക്കാന്‍ അനുയോജ്യനായ ആളില്ലായിരുന്നു. ഈ സമയത്താണ് സന്തോഷ് വിഷ്ണുശങ്കറിന്റെ പരിപാലനം ഏറ്റെടുക്കുന്നത് . സ്വന്തം മകനെ പോലെ നോക്കി സ്നേഹത്തിലൂടെയും ചിട്ടയായ പരിപാലനത്തിലൂടെയും നല്ലനടപ്പിന്റെ പാതയില്‍ കഴിഞ്ഞ ഉത്സവകാലം ഭംഗിയായി പൂര്‍ത്തിയാക്കിയ വിഷ്ണുശങ്കര്‍ ഈ വര്‍ഷം പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തി.
സ്വഭാവഗുണവും ചിട്ടകളും മാനദണ്ഡമാക്കുന്ന ആറാട്ടുപുഴ പൂരത്തിലും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനും തിടമ്പേറ്റാനായത് ഇതിനുള്ള അംഗീകാരമായി. ഈ ഉത്സവകാലവും പൂര്‍ത്തിയാകാനിരിക്കെയാണു ദുരന്തം. മര്‍ദ്ദനമുറകള്‍ ശീലമില്ലാത്ത സന്തോഷ് കണിശമായ വാക്കുകളിലൂടെയാണ് ആനകളെ കൊണ്ടുനടന്നിരുന്നത്. വിഷ്ണു തനിക്കു മകനെ പോലെയാണെന്നാണു സന്തോഷ് പറഞ്ഞിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത് . ഗജപരിപാലന രംഗത്തെ മികച്ച സേവനം പരിഗണിച്ചു കഴിഞ്ഞ ജനുവരിയില്‍ തൃശൂരിലെ 'കൂട്ടുകൊമ്പന്‍മാര്‍ വെല്‍ഫെയര്‍ഫോറം' സന്തോഷിനെ മികച്ച ആനപ്പാപ്പാനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















