കോതമംഗലത്ത് ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്; ഒരു വീട് ഭാഗികമായി തകര്‍ന്നു

കോതമംഗലത്ത് ഇടിമിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ഒരു വീട് ഭാഗികമായി തകര്‍ന്നു. കോഴിപ്പിളളി പാറയ്ക്കല്‍ ചാക്കോയുടെ മകന്‍ ജോബിന്‍സിന്റെ ഭാര്യ ജിഷ (32)യ്ക്കാണ് പരിക്കേറ്റത്. ഇവര്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
രാത്രി ഏഴോടെ മഴയ്ക്ക് മുന്‍പുണ്ടായ കനത്ത ഇടിമിന്നലിലാണ് അപകടത്തിനു കാരണം . വീടിനോട് ചേര്‍ന്നുള്ള കുളിമുറിയിലായിരുന്ന ജിഷയ്ക്ക് മിന്നലിന്റെ ആഘാതത്തില്‍ കൈക്ക് പൊള്ളലും തലക്ക് ക്ഷതവും സംഭവിച്ചു. ശബ്ദം കേട്ട് വിട്ടുകാര്‍ ഓടിയെത്തുമ്പോള്‍ ജിഷ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ കോതമംഗലത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികില്‍സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവരുടെ വീടിന് തൊട്ടു ചേര്‍ന്നുള്ള ചമ്മട്ടി മോളേല്‍ സജി സണ്ണിയുടെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വൈദ്യുതി മീറ്ററും ഉള്‍പ്പെടെ പൊട്ടിത്തെറിച്ചു. ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര ഏകദേശം പൂര്‍ണ്ണമായി തകര്‍ന്നു. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന് വീണു. വീടിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്.
മിന്നലിന് പിന്നാലെ വീടിനുള്ളില്‍ തീഗോളവും പുകയും ഉയര്‍ന്നതിനാല്‍ വീട്ടുകാര്‍ ഭയന്ന് വിറച്ചു. ഭാഗ്യംകൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. വീടിനോട് ചേര്‍ന്നുള്ള ബാത്ത് റൂമും തകര്‍ന്നു. വീടിന് സമീപത്ത് നിന്നിരുന്ന തേക്ക് മരത്തിനാണ് മിന്നലേറ്റത്.
https://www.facebook.com/Malayalivartha

























