ജിഷ്ണുവിന്റെ മരണം; രക്തക്കറയുടെ ഡിഎന്‍എ പരിശോധന നടത്താനായില്ല

പാമ്പാടി നെഹ്‌റു എന്‍ജീനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിന് വന്‍ തിരിച്ചടി. ജിഷ്ണുവിന്റെ രക്തസാമ്പിളിന്റെ ഡി.എന്‍.എ പരിശോധന നടത്താന്‍ കഴിയാത്തതാണ് പൊലീസിന് തിരിച്ചടി ആയിരിക്കുന്നത്. കോളേജിലെ ഇടിമുറിയില്‍ രക്തക്കറ കണ്ടെത്തിയെങ്കിലും അതില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിക്കാന്‍ ആവശ്യമായ അളവിലുള്ള രക്തം ഫോറന്‍സിക് സംഘത്തിന് ലഭിച്ചില്ല. ലഭിച്ച രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിക്കുക അസാദ്ധ്യമാണെന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ കോളേജ് ക്യാംപസില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയത്. സമാന രീതിയില്‍, ജിഷ്ണു താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലും, ശുചിമുറിയിലും, കോളജ് പി.ആര്‍.ഒ.യുടെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന് മുറിയില്‍വച്ച് മര്‍ദ്ദനമേറ്റെന്ന നിഗമനത്തിലും പൊലീസ് എത്തിയിരുന്നു. പിന്നീട് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും മതിയായ അളവില്‍ രക്തം ഇല്ലെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, കോളേജ് പി.ആര്‍.ഒ. കെ.വി. സഞ്ജിത്ത്, അദ്ധ്യാപകന്‍ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ ദിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
https://www.facebook.com/Malayalivartha

























