പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ബോണസ് പോയിന്റ് നിര്‍ണയം അടുത്തവര്‍ഷം പരിഷ്‌ക്കരിച്ചേക്കും

പ്ലസ് വണ്‍ പ്രവശനത്തിനുളള ബോണസ് പോയിന്റ് നിര്‍ണയം അടുത്തവര്‍ഷം പരിഷ്‌കരിച്ചേക്കും. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പോയിന്റ് നേടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിനൊപ്പം തെറ്റായ വിവരങ്ങള്‍ നല്‍കി പ്രവേശനം തരപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും.
പ്രവേശനം നേടിക്കഴിഞ്ഞാണ് അപാകത ശ്രദ്ധയില്‍പ്പെടുന്നതെങ്കിലും നടപടിയുണ്ടാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്തദിവസംതന്നെ ഉത്തരവുണ്ടാകും. നീന്തലിനുള്ള രണ്ടുപോയിന്റും ടൈബ്രേക്കറിന് പരിഗണിക്കുന്ന ചില മാനദണ്ഡങ്ങളുമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇത്തവണ പ്രവേശനനടപടി ആരംഭിക്കുന്നതിനുമുമ്പേ ഹയര്‍സെക്കന്‍ഡറി വകുപ്പ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, പ്രവേശനം നേരത്തെയാക്കാന്‍ തിരക്കിട്ട് നടപടിയെടുത്തതിനാല്‍ തീരുമാനമുണ്ടായില്ല. അടുത്തവര്‍ഷം മുതല്‍ പോയിന്റ് നിര്‍ണയത്തില്‍ കുറ്റമറ്റ രീതിയുണ്ടാകുമെന്നുതന്നെയാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലെ ചില സ്‌കൂളുകളില്‍ എല്ലാവിഷയത്തിനും എ പ്ലസുള്ളവര്‍ക്കുപോലും പ്രവേശനം കിട്ടില്ല. ഇത്തരം കടുത്തമത്സരം വരുന്ന ഘട്ടങ്ങളിലാണ് ബോണസ് പോയിന്റ് നിര്‍ണായകമാകുന്നത്.
ഏകജാലകം വഴിയുളള പ്രവേശനത്തിന് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുമ്പോള്‍ ടൈ ബ്രേക്കര്‍ പോയിന്റുകള്‍ പരിഗണിക്കും. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സാഹിത്യസൃഷ്ടികള്‍, സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍, സ്‌കൂള്‍ മാസികകളിലെ സൃഷ്ടികള്‍ തുടങ്ങിയവയെല്ലാം ടൈ ബ്രേക്കര്‍ പോയിന്റിന് പരിഗണിക്കും. ഇവയിലും വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ട്. ഹയര്‍സെക്കന്‍ഡറി വകുപ്പ് ഇക്കാര്യങ്ങളെല്ലാം വിശദമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























