പുടവയോട് പിണങ്ങി അടിച്ച് പിരിഞ്ഞ ഒരു കല്യാണം

വിവാഹമണ്ഡപത്തിലെത്തിയ വധു മുഹൂര്‍ത്തമായിട്ടും പുടവ ഉടുക്കാന്‍ കൂട്ടാക്കത്തതിനാല്‍ വിവാഹം മുടങ്ങി. ഇന്നലെ ഉച്ചയ്ക്കു ചുള്ളിമാനൂര്‍ സാഫ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആട്ടുകാല്‍ മൊട്ടക്കാവ് കഴക്കുന്ന് സ്വദേശിനിയായ യുവതിയുടെയും വെള്ളയമ്പലം കവടിയാര്‍ സ്വദേശി യുവാവിന്റെയും വിവാഹമാണ് മുടങ്ങിയത്.
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് രാവിലെ തന്നെ വധുവുമായി വീട്ടുകാര്‍ മണ്ഡപത്തിലെത്തി. മുഹൂര്‍ത്തം പന്ത്രണ്ടു മണിക്കായിരുന്നതിനാല്‍ വധുവിനെ അണിയിച്ചൊരുക്കാനായി എത്തിയവരോട് താന്‍ വിവാഹ സാരി ധരിക്കില്ലെന്ന വാശിയുമായി യുവതി നിലയുറപ്പിച്ചുവത്രേ. രാവിലെ വീട്ടില്‍ നിന്നും തിരിച്ചപ്പോള്‍ ധരിച്ച ചുരിദാറായിരുന്നു യുവതിയുടെ വേഷം. എന്നാല്‍ യുവതിയെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെ ചെറുക്കന്റെ വീട്ടുകാരും മണ്ഡപത്തിലെത്തി. ആചാരപൂര്‍വ്വം ഇവരെ വധുവിന്റെ സഹോദരന്‍ മാല ചാര്‍ത്തി സ്വീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് കല്യാണത്തിനെത്തിയവര്‍ക്കായി രണ്ടു പന്തിയായി ഭക്ഷണവും വിളമ്പി. മുഹൂര്‍ത്തമായതോടെ കതിര്‍മണ്ഡപത്തിലേയ്ക്ക് കയറാനായി വരനും കൂട്ടരും വേദിയിലെത്തി. സമയം ഏറെ കഴിഞ്ഞിട്ടും വധു പുറത്തേക്ക് വന്നില്ല കാരണവന്‍മാര്‍ ബഹളം വച്ചതോടെയാണ് വധു വിവാഹ സാരി ധരിക്കാതെ പിണങ്ങി ഇരിക്കുന്ന വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ബന്ധുക്കള്‍ പലരും ഇടപെട്ടിട്ടും യുവതി നിലപാട് മയപ്പെടുത്തിയില്ല. ഈ സമയം വരന്റെ സഹോദരിയും വധുവിന്റെ മാതാവും കുഴഞ്ഞു വീണു. ഒന്നരമണിയോടെ വലിയ മല പോലീസെത്തി വീട്ടുകാരുമായും പെണ്‍കുട്ടിയുമായും സംസാരിച്ചു. വിവാഹത്തിന് പെണ്‍കുട്ടി സമ്മതം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇനി കല്യാണവുമായി തുടര്‍ന്ന് പോകാന്‍ താത്പര്യമില്ലെന്ന് വരനും ബന്ധുക്കളും അറിയിക്കുകയായിരുന്നു. പിന്നീട് ഇരുകൂട്ടരുമായും വലിയമല എസ്‌ഐ അജേഷ് സംസാരിച്ചു. ഇരുഭാഗത്തുമുണ്ടായ നഷ്ടങ്ങള്‍ പരസ്പരം സഹിക്കാമെന്ന് സമ്മതിച്ച് ഇരുകൂട്ടരും ബന്ധത്തില്‍ നിന്നും പിന്മാറി.
https://www.facebook.com/Malayalivartha

























