അതിമോഹമെന്നു കളിയാക്കിയവര്‍ക്ക് തലകുനിക്കാം; ടിപ്പര്‍ ഡ്രൈവറുടെ മകന്‍ വിമാനം പറത്തും

ടിപ്പര്‍ലോറി ഡ്രൈവറുടെ മകന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വിമാനം പറപ്പിക്കുക എന്നത്. ഈ മോഹം അതിമോഹമെന്ന് എല്ലാവരും കളിയാക്കി. എന്നാല്‍ ഇന്ന് അവര്‍ക്ക് തലകുനിക്കേണ്ടിവരും. കാരണം രാഹുലിന്റെ സ്വപ്നങ്ങള്‍ വാനില്‍ വര്‍ണച്ചിറക് വിടര്‍ത്തി പാറിപ്പറക്കാന്‍ പോകുകയാണ്.
നെയ്യാര്‍ഡാം മരക്കുന്നം ബി ആര്‍ ഭവനില്‍ രമേശന്റെയും സുജാതയുടെയും രണ്ട് ആണ്‍മക്കളില്‍ മൂത്തവന്‍ രാഹുല്‍ പൈലറ്റാകാനുള്ള കടമ്പകള്‍ താണ്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് രാഹുലിന് പൈലറ്റ് ലൈസന്‍സ് ലഭിച്ചു. വലുതാകുമ്പോള്‍ വിമാനം പറപ്പിക്കണമെന്ന മോഹം കുട്ടിക്കാലത്ത് രാഹുല്‍ അച്ഛനോട് പറയുമായിരുന്നു. കേട്ടവരൊക്കെ അവനെ കളിയാക്കി. വലുതാകുമ്പോള്‍ എന്താകണം എന്ന് ചോദിച്ചവരോടൊക്കെ അവന്‍ പറഞ്ഞു: പൈലറ്റാകണം. അവന്റെ ആഗ്രഹപ്രകാരം അച്ഛന്‍ വാങ്ങിക്കൊടുത്ത കളിക്കോപ്പുകളെല്ലാം വിമാനങ്ങളായിരുന്നു.
ടിപ്പര്‍ ഓടിച്ച് കുടുംബം പോറ്റുന്ന രമേശന്റെ ഉള്ളില്‍ മകന്റെ സ്വപ്നം എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്ന ചിന്തയായിരുന്നു. പണമുള്ളവരുടെ മക്കള്‍ക്കു മാത്രം പ്രാപ്യമായ പൈലറ്റ് ജോലി തന്റെ മകനും നേടിയെടുക്കാനുള്ള കഠിനാധ്വാനത്തിലായിരുന്നു രമേശന്‍.
ഒടുവില്‍ 2014ല്‍ മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായ അക്കാദമി ഓഫ് കാര്‍വര്‍ ഏവിയേഷനില്‍ പൈലറ്റ് ട്രെയിനിയായി രാഹുലിന് പ്രവേശനം ലഭിച്ചു. പരിശീലനത്തിനും പറക്കലിനുമായി 30 ലക്ഷമായിരുന്നു ഫീസ്.
വിയര്‍പ്പൊഴുക്കി സമ്പാദിച്ചതും വീടിന്റെ ആധാരം പണയപ്പെടുത്തി കൂട്ടുകാരനില്‍നിന്ന് വായ്പ വാങ്ങിയതും ചേര്‍ത്ത് രമേശന്‍ തുക കണ്ടെത്തി. അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കി 200 മണിക്കൂര്‍ വിമാനം പറത്തിയാലേ പൈലറ്റ് ലൈസന്‍സ് ലഭിക്കൂ. ഒന്നര വര്‍ഷത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ത്തന്നെ രാഹുല്‍ പരീക്ഷണ പറക്കലിന് യോഗ്യത നേടി.
നാലു സീറ്റുള്ള എയര്‍ ക്രാഫ്റ്റ് 200.45 മണിക്കൂര്‍ പറത്തി 2016ല്‍ രാഹുല്‍ ലക്ഷ്യം കണ്ടു. കഴിഞ്ഞ മാസമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് രാഹുലിന് പൈലറ്റ് ലൈസന്‍സ് ലഭിച്ചത്. അങ്ങനെ ഇല്ലായ്മകളെ പിന്നിലാക്കി രാഹുല്‍ നേട്ടം കൈവരിച്ചു.
ചെസ്‌ന 172 വിഭാഗത്തിലുള്ള ചെറുവിമാനത്തിലാണ് രാഹുല്‍ പരിശീലനം നേടിയത്. സ്വകാര്യ വിമാനക്കമ്പനികളില്‍ ജോലി ലഭിക്കാന്‍ വലിയ വിമാനങ്ങള്‍ പറപ്പിക്കാനുള്ള പ്രത്യേക പരിശീലനം വേണം. ഇത് വിദേശരാജ്യങ്ങളില്‍ മാത്രമാണുള്ളത്. സ്വകാര്യ കമ്പനികളില്‍ ജോലി ലഭിച്ചാല്‍ 40 ലക്ഷത്തോളം രൂപ മുന്‍കൂര്‍ കെട്ടിവയ്ക്കണം.
എയര്‍ ഇന്ത്യയിലാണെങ്കില്‍ ബാങ്ക് ഗ്യാരണ്ടി മതിയാകും. മൂന്നുമാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയില്‍ അവസരം വരുന്നുണ്ട്. ഭാഗ്യം കടാക്ഷിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് രാഹുല്‍.
https://www.facebook.com/Malayalivartha

























