സിപിഎം കുടുങ്ങും; പയ്യന്നൂര്‍ കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു; ധന്‍രാജ് വധക്കേസിലെ പ്രതികാരം?

കണ്ണൂരിൽ ആർ എസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പോലീസ് കസ്റ്റഡിയിലായി. കസ്റ്റഡിയിലായ ഒരാൾ അക്രമി സംഘവുമായി ബന്ധമുള്ള ആളാണ്. രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് ജിജീഷ് പൊലീസിന് മൊഴി നല്‍കി. മുട്ടം ഭാഗത്ത് നിന്നു സുഹൃത്ത് രാജേഷുമൊന്നിച്ച് ബിജു മോട്ടോര്‍ ബൈക്കില്‍ കക്കംപാറയിലെ വീട്ടിലേക്ക് പോകവെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന അക്രമിസംഘം വണ്ടി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ ബിജുവിനെ കാറില്‍ നിന്നിറങ്ങിയ റിനീഷും മറ്റു നാലുപേരും ആക്രമിക്കുകയായിരുന്നു. ബിജുവിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയ ശേഷം റിനീഷ് കഴുത്തറത്ത് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാഷ്ട്രീയ കൊലപാതകം അല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നു. രക്തം വാര്‍ന്ന ബിജു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് രാജേഷ് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ രാമന്തളി സ്വ ദേശി ബിനോയിയും പൊലീസ് കസ്റ്റഡിയിലുണ്ട്. കാര്‍ ഇന്നലെ രാത്രി പയ്യന്നൂരിനടുത്ത് മണിയറയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും രക്ഷപ്പെടും മുമ്പ് ഇയാള്‍ കാറില്‍ മുളകുപൊടി വിതറിയിരുന്നതായും പൊലീസ് പറഞ്ഞു. കാറിന്റെ ബമ്പര്‍ എവിടെയോ ഇടിച്ച പാടുമുണ്ട്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്നാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നത്.
വെള്ളിയാഴ്ചയാണ് ബിജു വെട്ടേറ്റ് മരിച്ചത്. കഴിഞ്ഞ ജൂലായ് 11ന് കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ (38) വീട്ടില്‍കയറി വെട്ടിക്കൊന്ന കേസില്‍ 12ാം പ്രതിയായ ബിജു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
https://www.facebook.com/Malayalivartha

























