കേരളത്തിലും സൈബര്‍ ആക്രമണ ഭീഷണി; ഐടി മിഷന്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ലോകത്തെ നടുക്കിയ റാന്‍ സംവേര്‍ സൈബര്‍ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന ഐടി മിഷന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കേരള(സെര്‍ട്ട് കെ) വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ലോകമാകെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളെ തകരാറിലാക്കിയ സൈബര്‍ ആക്രമണം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചത്. അതേസമയം, ആന്ധ്രപ്രദേശ് പോലീസിന്റെ നൂറിലേറെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് സൈബര്‍ ആക്രമണത്തിനിരയാകുന്നത്.
ലോകത്തെ നടുക്കിയ വാണാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസും ഐടി മിഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപരിചിതമായ ലിങ്കുകള്‍ സംശയാസ്പദമായ ഇമെയിലുകള്‍ എന്നിവ തുറക്കരുതെന്നാണ് ഐടി മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് സൈബര്‍ ആക്രമണത്തിനിരയായിരിക്കുന്നത്. ഭൂരിപക്ഷം സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ ഭയപ്പെടാനില്ലെന്നാണ് ഐടി വിദഗ്ദരുടെ അഭിപ്രായം. അതേസമയം, പല ഓഫീസുകളിലും ഇപ്പോഴും ലൈസന്‍സില്ലാത്ത വിന്‍ഡോസ് ഒഎസുകള്‍ ഉപയോഗിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബ്രിട്ടനിലെയും യൂറോപ്പിലെയും ആശുപത്രി ശൃംഖലകളാണ് റാന്‍ സംവേര്‍ വൈറസ് ആക്രമണത്തിന് ഇരയായത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നാണ് ഐടി മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് ആദ്യമായി റാന്‍സംവേര്‍ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. വനംവകുപ്പ് ആസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഇരുപത് കമ്പ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. അപരിചിതമായ ഇമെയിലിലെ അറ്റാച്ച്‌മെന്റ് ടൗണ്‍ലോഡ് ചെയ്തതോടെയാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























