പുതിയ മദ്യനയം നടപ്പാകുമ്പോള്‍ തിരുവനന്തപുരത്ത് തുറക്കാന്‍ പോകുന്നത് 14 ത്രീ- ഫോര്‍ സ്റ്റാര്‍ ബാറുകള്‍
പുതിയ മദ്യനയം ജൂലൈ ഒന്നിനു നടപ്പിലാകുമ്പോള്‍ നഗരത്തില്‍ തുറക്കുന്നതു പതിനാല് ത്രീ- ഫോര്‍ സ്റ്റാര്‍ ബാറുകള്‍. നിലവില്‍ ബീയര്‍- വൈന്‍ പാര്‍ലറുകള്‍ ഉള്ള ഈ ഹോട്ടലുകള്‍ മദ്യം നുകരാനെത്തുന്നവരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.
പെയിന്റ് അടിക്കലും കൗണ്ടര്‍ തയ്യാറാക്കലുമൊക്കെ ഉടന്‍ തുടങ്ങും. പാപ്പനംകോട് വൈറ്റ് ദാമര്‍, കിഴക്കേകോട്ട ലൂസിയ, റെയില്‍വേ രണ്ടാം ടെര്‍മിനലിനു സമീപമുള്ള അമല, തമ്പാനൂര്‍ ഹൊറൈസണ്‍, പനവിള ജംക്ഷനിലെ എസ്പി ഗ്രാന്ഡ്ഡേയ്സ്, സ്റ്റാച്യൂവിലെ റസിഡന്‍സി ടവര്‍, മൗര്യ, മാഞ്ഞാലിക്കുളം ക്ലാസിക് അവന്യൂ, സൗത്ത് പാര്‍ക്ക്, നന്ദാവനത്തെ നന്ദനം പാര്‍ക്ക്, ബേക്കറി ജംക്ഷനിലെ ഇന്ദ്രപ്രസ്ഥ, മാസ്കറ്റ് ഹോട്ടല്‍, മെഡിക്കല്‍ കോളജിനു സമീപത്തെ റൂബി അരീന, തിരുമല സിറ്റി പാലസ് എന്നിവ തുറക്കാനാകുമെന്നു ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. മറ്റുചില ഹോട്ടലുകളിലെ ബാറും തുറക്കാനുള്ള ശ്രമത്തിലാണ്.
പങ്കജ് ഹോട്ടലിന് ടു സ്റ്റാര്‍ പദവിയാണുള്ളത്. ത്രീ സ്റ്റാര്‍ ആകുന്നതിനുള്ള നടപടികള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകും. ചൈത്രം ടു സ്റ്റാറാണ്. ഇതിനെ ത്രീ സ്റ്റാര്‍ ആക്കുന്നതിനെക്കുറിച്ചു കെടിഡിസി തീരുമാനം എടുത്തിട്ടില്ല.
തമ്പാനൂര്‍- തെങ്കാശി ദേശീയപാതയുടെ പേരില്‍ നേരത്തെ ടാജ് വിവാന്ത, ട്രിവാന്‍ഡ്രം ക്ലബ്, ശ്രീമൂലം ക്ലബ് എന്നിവ അടച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ആശയക്കുഴപ്പം ഏറിയതോടെ ദേശീയപാത ഇപ്പോള്‍ വെള്ളയമ്പലത്തു നിന്നാണ് കണക്കാക്കുന്നത്.
ഇതോടെ താജിന്റെയും ക്ലബ്ബുകളുടെയും ലൈസന്‍സ് എക്സൈസ് പുനഃസ്ഥാപിച്ചു. ദേശീയപാത കടന്നുപോകുന്നതിനാല്‍ ടെന്നിസ് ക്ലബ്ബില്‍ മദ്യം വിളമ്പാനാവില്ല. ജൂലൈ ഒന്നിനാണു മദ്യനയം നടപ്പില്‍ വരുന്നതെങ്കിലും ബാറുകള്‍ തുറക്കാന്‍ മൂന്നുവരെ കാത്തിരിക്കേണ്ടിവരും. എക്സൈസിന് ഹോട്ടല്‍ ഉടമകള്‍ അപേക്ഷ നല്‍കണം.
തുടര്‍ന്ന് എക്സൈസിന്റെ പരിശോധന. അംഗീകാരം ലഭിച്ചാല്‍ മദ്യത്തിനു വേണ്ടി ബവ്റിജസ് കോര്‍പറേഷനെ സമീപിക്കണം. അവര്‍ മദ്യം എത്തിക്കുന്ന മുറയ്ക്കു മാത്രമേ ബാറുകളുടെ പ്രവര്‍ത്തനം തുടങ്ങുകയുള്ളൂ.
https://www.facebook.com/Malayalivartha