ജയരേഖയുടെ മരണത്തിന് പിന്നിലെ സംഭവങ്ങള്‍ വെളിച്ചത്തേക്ക്

തിരുവനന്തപുരം ശാസ്താംപറമ്പ് സ്വദേശിനി ജയരേഖ (38) കുവപ്പടിക്ക് സമീപം കൊടുവേലിപ്പടിയില്‍ മരണമടഞ്ഞ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന്‍ പൊലീസില്‍ നല്‍കിയ വിവരങ്ങളാണ് നിര്‍ണായകമായത്. ഇന്നലെ രാത്രി 9.30 ഓടെയാണ് ജയരേഖ ഭര്‍ത്താവ് രമാകാന്തനുമായി ഉണ്ടായ കലഹത്തിന് മണിക്കൂറുകള്‍ക്ക് ശേഷം അവശയായി മകന്റെ കണ്‍മുന്നില്‍ ജീവന്‍വെടിഞ്ഞത്.
രാവിലെ പണിക്ക് പോയശേഷം ഉച്ചയോടെ മദ്യപിച്ച് ലക്ക്‌കെട്ട് വീട്ടിലെത്തി. പിന്നെ കൈയില്‍ കരിതിയിരുന്ന മദ്യക്കുപ്പി കാണാനില്ലന്നും പറഞ്ഞ് ഒച്ചപ്പാടായി. ഒളിപ്പിച്ചുവച്ച മദ്യക്കുപ്പി എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ആദ്യം തല്ലി. പിന്നെ വയറിന് ചവിട്ടി. അവശയായതിനെത്തുടര്‍ന്ന് രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടഞ്ഞുവെന്നാണ് മകന്‍ പറയുന്നത്.
മൂന്ന് മാസം മുമ്പാണ് ഇവര്‍ ഇവിടെ വാടകയ്ക്ക് താമസം ആരംഭിച്ചത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ഇന്നലെ ഉച്ചക്കുമുതല്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവ സമയത്ത് രമാകാന്തന്‍ മദ്യലഹരിയിലായിരുന്നു. ഭാര്യയെ മര്‍ദ്ദിച്ച ശേഷം രാത്രി ഏഴുമണിയോടെ ഇയാള്‍ വീട്ടില്‍ നിന്നും പുറത്തുപോയി.
രാത്രി എട്ടുമണിയോടെ ജയരേഖ അവശയാവുകയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നതായി അമ്മ അറിയിച്ചെന്നും തുടര്‍ന്ന് അയല്‍ക്കാരെയും കൂട്ടി താന്‍ മാതാവിനെ ആശുപത്രിയില്‍ എത്തിച്ചെന്നും തുടര്‍ന്ന് മരണപ്പെട്ടെന്നുമാണ് മകന്‍ രാജ് അമ്പാടി കോടനാട് പൊലീസുമായി പങ്കുവച്ച വിവരം.
സംഭവത്തില്‍ 45 കാരനായ രമാകാന്തനെ കോടനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റുമേര്‍ട്ടത്തിനുശേഷം മാത്രമേ ജയരേഖയുടെ മരണകാരണം വ്യക്തമാകൂ എന്ന് കോടനാട് പൊലീസ് അറിയിച്ചു. മൃതദേഹം ഇപ്പോള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്താനായിട്ടില്ലന്നാണ് പൊലീസ് നല്‍കുന്ന വിവരം.അവശയായി കാണപ്പെട്ട അവസരത്തില്‍ വായില്‍നിന്നും നുരയും പതയും വന്നിരുന്നതായി ആശുപത്രിയിലേക്ക് കൊണ്ടുപോയ മകനും അയല്‍വാസിയും പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പോസ്റ്റുമോര്‍ട്ടം പൊലീസ് സര്‍ജ്ജേനേക്കൊണ്ട് നടത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും കോടനാട് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















