ഒന്നുമില്ലായ്മയില്‍ നിന്നും വന്ന് നാട്ടിലെ പ്രമാണിയായ പിള്ള സാറെന്ന എം.കെ. രാജേന്ദ്രന്‍ പിള്ള

ഹവാല ബിനാമി ഇടപാടുകളിലൂടെ ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്‍ എം.കെ. രാജേന്ദ്രന്‍ പിള്ള 400 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുകയാണ്. നാഗാലാന്‍ഡ് പൊലീസില്‍ അഡിഷണല്‍ എസ്.പിയായി വിരമിച്ചെങ്കിലും ഉപദേശകനായി തുടരുന്ന ഇയാള്‍ക്കെതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്‌റേറ്റും അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാജേന്ദ്രന്റെ പന്തളത്തെ വസതിയിലും 25 സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് കണ്ടെത്തി. ഇയാളുടെ വസതിയിലേക്ക് സ്ഥിരമായി നാഗാലാന്‍ഡില്‍ നിന്ന് ട്രക്ക് എത്തിയത് എന്തിനെന്നും അന്വേഷിക്കും. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശാേധിക്കുകയാണ്. ഇതിന് ശേഷം നോട്ടീസ് അയച്ച് ചോദ്യം ചെയ്യാനായി രാജേന്ദ്രനെ വിളിച്ചുവരുത്തും.
ഹവാലയും കള്ളപ്പണം ഇടപാടും തെളിഞ്ഞതിനാല്‍ നികുതി അടച്ചാല്‍ മാത്രം കേസില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ലെന്ന് ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാഗാലാന്‍ഡിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബിനാമിയാണോ രാജേന്ദ്രന്‍പിള്ളയെന്നും സംശയമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
സോഡാ കമ്പനിയില്‍ നിന്നാണ് ശ്രീവത്സം ഗ്രൂപ്പ് വമ്പന്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുത്തത്. സ്വര്‍ണ, വസ്ത്രവ്യാപാരം, റിയല്‍ എസ്‌റ്റേറ്റ്, പെട്രോള്‍ ബങ്ക് തുടങ്ങിയ മേഖലകളിലേക്ക് പടര്‍ന്നു കയറി. എല്ലാ സ്ഥാപനങ്ങളും സ്വന്തം കെട്ടിടത്തിലാണ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അച്ഛന്‍ കൃഷ്ണപിളളയുടെ സോഡാ ബിസിനസില്‍ സഹായായിരുന്നു രാജേന്ദ്രന്‍ പിളള.
നാഗാലാന്‍ഡിലെത്തി പൊലീസ് കോണ്‍സ്റ്റബിളായി തുടങ്ങി അഡിഷണല്‍ എസ്. പി.യായി വിരമിച്ചു. അവിടെ ജോലിക്കിടെ കോഴിക്കച്ചവടം, വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍പ്പന, ചെറിയ കോണ്‍ട്രാക്ട് ജോലികള്‍, തടിക്കച്ചവടം എന്നിവ ബിനാമികളെ ഉപയോഗിച്ച് നടത്തി.
കുടുംബത്തെയും നാഗാലാന്‍ഡിലേക്കു കൊണ്ടുപോയി. നിരവധി നാട്ടുകാര്‍ക്ക് നാഗാലാന്‍ഡില്‍ തൊഴില്‍ നല്‍കി. കുളനടയിലും പരസരങ്ങളിലും സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി.
പന്തളം, പത്തനംതിട്ട, കോന്നി, ഹരിപ്പാട്, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബിസിനസ് ശൃംഖല വ്യാപിച്ചു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും മലേഷ്യയിലും വ്യവസായങ്ങള്‍ തുടങ്ങി. രാജേന്ദ്രന്‍പിളളയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. കടലാസ് സംഘടനകളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് തട്ടിയെടുത്തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശ്രീവത്സം ഗ്രൂപ്പ് സ്ഥാപനങ്ങളിലും രാജേന്ദ്രന്‍ പിളളയുടെ വസതിയിലും റെയ്ഡ് നടത്തിയത്. കുളനട പനങ്ങാട് രാജവത്സം വീട്ടിലാണ് താമസം. മക്കളായ വരുണ്‍ രാജ്, അരുണ്‍ രാജ് എന്നിവരുടെ പേരിലാണ് ബിസിനസുകള്‍.
https://www.facebook.com/Malayalivartha






















