കേരളം ഭരിക്കുന്നത് പൊലീസല്ല; ജനകീയ സര്‍ക്കാരാണെന്ന് കാനം

കേരളം ജനാധിപത്യ ഭരണത്തിലാണെന്നും മറിച്ച് പൊലീസ് ഭരണത്തിലല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പുതുവൈപ്പ് സമരത്തിന് നേരെ നടത്തിയ പൊലീസ് അതിക്രമത്തിനെ ഡി.ജി.പി. ന്യായീകരിച്ചത് അത്ഭുതപ്പെടുത്തി. പുതുവൈപ്പില്‍ നടന്നത് നിഷ്ഠൂരമായ അതിക്രമം എന്ന നിലപാടില്‍ നിന്നും സി.പി.ഐ പുറകോട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനകീയസമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസിലെ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട് . പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഹൈക്കോടതി ജംഗ്ഷനില്‍ പൊലീസ് ലാത്തിയടി നടത്തിയതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. 16ന് ഡല്‍ഹിയിലിരിക്കുന്ന പ്രധാനമന്ത്രിയെ വൈപ്പിന്‍കാര്‍ എങ്ങനെയാണ് തടയുന്നത്. ഹൈക്കോടതി ജംഗ്ഷനില്‍ അറസ്റ്റു ചെയ്ത് പൊലീസ് വാഹനത്തില്‍ കയറ്റിയ സ്ത്രീകളടക്കമുളളവരെ പൊലീസ് മര്‍ദ്ദിച്ചു.
പൊലീസ് മര്‍ദ്ദനം ന്യായീകരിക്കുന്നതിനാണ് എസ്.പി തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് പറയുന്നത്. വൈപ്പിനില്‍ നിന്ന് അറസ്റ്റു ചെയ്ത സ്ത്രീകളടക്കമുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്. ഇവരുടെയിടയില്‍ തീവ്രവാദികള്‍ ആരെന്ന് പൊലീസ് വ്യക്തമാക്കണം. മനുഷ്യന് ആവശ്യമുള്ള വികസനമാണ് വേണ്ടത്. മനുഷ്യന്‍ ഇല്ലാതെയാകുന്ന വികസനം വേണ്ടായെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം. ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലത്ത് ഇതുപോലൊരു വ്യവസായം വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികം. അത് കേള്‍ക്കാന്‍ ജനാധിപത്യ സര്‍ക്കാരിന് ബാധ്യതയുണ്ട്. പ്രശ്‌നത്തില്‍ ന്യായമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























