യൂബര്‍ ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറി എന്ന് പരാതി

യൂബര്‍ ടാക്‌സിയില്‍ കയറിയ കഴക്കൂട്ടം ടെക്‌നോ പാര്‍ക്ക് ജീവനക്കാരിക്ക് നേരെ പീഡനശ്രമം. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്നും കാലില്‍ കടന്നുപിടിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ മാസം 13ന് രാത്രി നടന്ന സംഭവം കഴിഞ്ഞ ദിവസം പരാതിപ്പെട്ടതോടെയാണ് പുറത്തറിയുന്നത്.
ടെക്‌നോപാര്‍ക്ക് ഫേസ്മൂന്നിലെ സ്ഥാപനിത്തിലെ ജീവനക്കാരിയാണ് യൂബറില്‍ പീഡന ശ്രമത്തിന് ഇരയായത്. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ സഹായത്തോടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി ഓട്ടോ കിട്ടാത്തതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബര്‍ വിളിക്കുകയായിരുന്നു. താമസസ്ഥലമായ ജഗതിയിലേക്കുള്ള യാത്രയ്ക്കിടെ ആദ്യം ഡ്രൈവർ മാന്യമായി പെരുമാറിയെങ്കിലും ആക്കുളം ഭാഗത്തെത്തിയപ്പോള്‍ അപമര്യാദയായി പെരുമാറുകയും കാലില്‍ കയറിപ്പിടിക്കുകയുമായിരുന്നു. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തുകയും യുവതി ഇറങ്ങുകയും ചെയ്തു.
യൂബര്‍ ഡ്രൈവർ യാതൊരു കൂസലുമില്ലാതെ ഒരു മാപ്പും പറഞ്ഞ് വാഹനവും കൊണ്ട് പോയെന്നും യുവതി പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകനെ വിളിച്ച് വരുത്തിയാണ് യുവതി തിരികെ വീട്ടിലേക്ക് പോയത്. യൂബര്‍ അധികൃതരെ വിവരം അറിയിച്ചുവെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന വിവരമാണ് ലഭിച്ചത്. പരാതിപ്പെടാന്‍ പെണ്‍കുട്ടിക്ക് വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതിനാല്‍ ജീവനക്കാരുടെ സംഘടനയുടെ സഹായം തേടുകയായിരുന്നു.
https://www.facebook.com/Malayalivartha

























