ആരും ഏറ്റെടുക്കാനില്ലാത്ത വയോധികന് ആശ്വാസമായി മെഡിക്കല്‍ കോളേജ്

ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്ത 77 വയസുള്ള മൈക്കിളിന് ആശ്വാസമായി മെഡിക്കല്‍ കോളേജ്. 7 വര്‍ഷമായി ഭിക്ഷാടനം നടത്തി മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ അന്തിയുറങ്ങിയയാളിനാണ് മെഡിക്കല്‍ കോളേജ് ആശ്വാസമായത്. തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട്, കേള്‍വി ശക്തി കുറഞ്ഞ്, ഇടത് കൈയ്ക്ക് സ്വാധീനക്കുറവുമായി ഭിക്ഷയാചിച്ച് കഴിഞ്ഞ മൈക്കിളിന് മെഡിക്കല്‍ കോളേജ് വിദഗ്ധ ചികിത്സ നല്‍കുകയും താമസിക്കാനൊരിടം കണ്ടെത്തിക്കൊടുക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് മൈക്കിളിന് പുതുജന്മം നല്‍കിയത്.
കുണ്ടമണ്‍കടവ് സ്വദേശിയായ മൈക്കിളിന് ഭാര്യയും 4 മക്കളുമുണ്ടായിരുന്നു. മൂത്ത കുഞ്ഞ് വളരെ ചെറുപ്പത്തിലേ മരിച്ചിരുന്നു. മൈക്കിളിന് 8 സഹോദരങ്ങളിലുള്ളതില്‍ ഒരു ചേച്ചി മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ. ഭാര്യയുമായി പിണങ്ങി 41 വര്‍ഷം മുമ്പാണ് മൈക്കിള്‍ തിരുവനന്തപുരം വിട്ടത്. കോട്ടയത്തെത്തിയ മൈക്കിള്‍ മണലൂറ്റുന്ന ജോലി ചെയ്താണ് ജീവിതം തള്ളി നീക്കിയത്. തുടര്‍ന്ന് വാഹനാപകടത്തില്‍പ്പെട്ട് പരുക്കേല്‍ക്കുകയും വീണ്ടും തിരുവനന്തപുരത്തേക്ക് എത്തുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്പ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് നിലത്തുവീണ് പരിക്കേല്‍ക്കുകയും ചെയ്തു.
ഡിസ്ചാര്‍ജായ മൈക്കിനെ ഏറ്റെടുക്കാന്‍ ആളില്ലാതെയും ജീവിക്കാന്‍ വഴിയില്ലാതെയും ഭിക്ഷാടനം തെരഞ്ഞെടുത്തു. ശ്രീ ചിത്രയുടെ മുമ്പില്‍ അവശനായി കണ്ട മൈക്കിളിനെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. അനില്‍ കുമാര്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പി.ജി. ഡോക്ടര്‍ ജോ അദ്ദേഹത്തെ ഒ.പി.യിലെത്തിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അന്നുതന്നെ (ജൂണ്‍ 5) മൈക്കിളിനെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
മുഷിഞ്ഞ വേഷം മാറ്റി കുളിപ്പിച്ച് വൃത്തിയാക്കി മൈക്കിളിന് മതിയായ വസ്ത്രങ്ങളും ആഹാരവും മരുന്നുകളും ലഭ്യമാക്കിക്കൊടുത്തു. മൈക്കിളിന്റെ അവസ്ഥ പോലീസിനെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തെ ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് ബോധ്യമായതോടെ പല സന്നദ്ധ പ്രവര്‍ത്തകരുമായി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, സൈക്യാര്‍ട്രി വിഭാഗം ഡോ. ജോസഫ് മാണി, സോഷ്യല്‍ സയന്റിസ്റ്റ് നസീര്‍ എന്നിവര്‍ ബന്ധപ്പെടുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ദിവ്യശാന്തി ആശ്രമം കഴിഞ്ഞ ദിവസം മൈക്കിളിനെ ഏറ്റെടുത്തു. ഇപ്പോള്‍ സന്തോഷത്തോടെ മൈക്കിള്‍ അവിടെ കഴിയുകയാണ്.
തനിക്കിതൊരു പുതുജന്മമാണെന്നാണ് മൈക്കിള്‍ പറയുന്നത്. ആരോരുമില്ലാത്ത തനിക്ക് എല്ലാം ഉണ്ടാക്കിത്തന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് മൈക്കിള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























