ട്വിസ്റ്റുകള്‍ അവസാനിക്കുന്നു, പോലീസ് ആസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍; അറസ്റ്റിനൊരുങ്ങി പോലീസ്

കേരളം നടുങ്ങുന്ന നിമിഷങ്ങള്‍ 'പ്രമുഖ നടന്‍' പ്രതിസ്ഥാനത്തേക്ക്. തെളിവുകളില്‍ വ്യക്തത വരുത്തി പോലീസ്. 'പള്‍സര്‍ സുനി' ദിലീപിന്റെയും, നാദിര്‍ഷയുടെയും സ്വന്തം. കേരളം കണ്ട ഏറ്റവും വൃത്തികെട്ട ബലാത്സംഗ ക്വട്ടേഷന്റെ ഗൂഢാലോചന കേരളത്തിന് വ്യക്തമായി. തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. പോലീസ് ഉന്നതര്‍ രാവിലെ മുതല്‍ പലവിധ ചര്‍ച്ചകളില്‍. ഡി.ജി.പി. അന്വേഷണോദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നു. നാളെ ഡി.ജി.പി. ബെഹ്റ മാധ്യമങ്ങളെ കാണും എന്നുറപ്പിക്കുമ്പോള്‍ കേസന്വേഷണം അവസാനഘട്ടത്തില്‍.
ഡി.ജി.പി മുഖ്യമന്ത്രിയുമായി സംസാരിച്ചു. പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ ഒരുവിധ പിന്തുണയും ദിലീപിനോ, നാദിര്‍ഷക്കോ നല്‍കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പോലീസ് നാടകീയ നീക്കങ്ങളിലാണ്. ഏതു നിമിഷവും അറസ്റ്റുണ്ടാകാം...
നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന സുനില്‍കുമാര്‍ മൂന്ന് തവണ നാദിര്‍ഷയെ ബന്ധപ്പെട്ടതിന്റെ രേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. മൂന്ന് കോളുകളില്‍ ഒന്നിന്റെ ദൈര്‍ഘ്യം എട്ട് മിനിറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാനായി വിഷ്ണു എന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണം നേരത്തേ ഉന്നയിച്ച നാദിര്‍ഷ സുനിയെ അറിയില്ലെന്നാണ് ഇതുവരെ പ്രതികരിച്ചിരുന്നത്.

എന്നാൽ പള്‍സര്‍ സുനിയെ നേരത്തെ അറിയില്ലന്ന ദിലീപിന്റെ വാദങ്ങള്‍ പൊളിയുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി കൂടുതല്‍ ദിവസങ്ങളുണ്ടായിരുന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത് ഡ്രൈവറായാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുകനെ പൊലീസ് ചോദ്യം ചെയ്തു. ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്ട് ദിവസം പള്‍സര്‍ സുനി ലൊക്കേഷനിലുണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്.

അന്വേഷണത്തിലെ പുതിയ വഴിത്തിരുവുകള്‍ ദിലീപിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇത് ശരിവെയ്ക്കുന്ന ശക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിനൊരുങ്ങുന്നത്. ലക്ഷ്യയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൂടുതല്‍ തെളിവുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. പണം വാങ്ങാനായി വന്ന ദിവസം ഒരു തവണ വന്നു മടങ്ങിയ സുനില്‍ കുമാര്‍ വീണ്ടും എത്തിയാണ് ലക്ഷ്യയില്‍ നിന്നും പണം കൈപ്പറ്റിയത്.

അക്കൗണ്ട്‌സ് രേഖകള്‍ പരിശോധിച്ചതുപ്രകാരം ഇതേ ദിവസം സ്ഥാപനത്തില്‍നിന്നും രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായും പൊലീസിന് തെളിവ് ലഭിച്ചു. ഈ പണമിടപാടുകള്‍ കുറിച്ച് പോലീസ് അന്വേഷണത്തിലാണ്. കാക്കനാടുള്ള കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഒരു സാധനം ഏല്‍പ്പിച്ചതായി പള്‍സര്‍ സുനി പറയുന്നത് കേട്ടതായി സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി പുറത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് ഇതെന്ന് വ്യക്തമായിക്കഴിഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന പൊലീസ് വൃത്തങ്ങളുടെ സൂചനയെ തുടര്‍ന്ന് ദിലീപ് ഇന്ന് രാവിലെ എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം തേടിയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകനാണ് ഇദ്ദേഹം. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കേണ്ട എന്ന ഉപദേശമാണ് അഭിഭാഷകന്‍ നല്‍കിയതെന്നാണ് സൂചന. നേരത്തെ ദിലീപിനേയും നാദിര്‍ഷയേയും ഇവിടെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ആണ് കൊടുക്കേണ്ടത്.

അപേക്ഷ നല്‍കിയാല്‍ കോടതി പൊലീസിനോടു വിശദീകരണം തേടും. ജാമ്യം കൊടുക്കേണ്ട കേസ് ആണോയെന്നു കോടതി ആരായുമ്പോൾ അതുമായി ബന്ധപ്പെട്ടു പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും കോടതിയുടെ തീരുമാനം. സാധാരണ ഗതിയില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ താമസമെടുക്കാറുണ്ട്. അപ്പോള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും വൈകും. ഇനി കേസില്‍ ആരോപണവിധേയര്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നേരത്തെ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി വച്ചിട്ടുണ്ടെങ്കില്‍ കോടതി ഇടപെടലും തുടര്‍നടപടികളും ഇന്നു തന്നെ നടക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























