ജനങ്ങള്‍ക്ക് കിട്ടേണ്ട വിലക്കുറവ് തടഞ്ഞുവച്ച് വ്യാപാരികള്‍

ജിഎസ്ടി നടപ്പാക്കുമ്പോള്‍ വില കുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അത് പ്രഖ്യാപനമായി നില്‍ക്കുകയാണ്. വില കുറയുന്ന 101 ഉല്‍പന്നങ്ങളുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും ഒന്നും നടന്നില്ല. അതിനിടെ വില കുറയുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വ്യാപാരമേഖല തള്ളിയതോടെ ജിഎസ്ടിയുടെ മറവിലുള്ള അമിതവില തടയാനായി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി. ഭക്ഷ്യ, നികുതി വകുപ്പുകള്‍ക്കു ലഭിച്ച പരാതികള്‍ കണക്കിലെടുത്ത് അളവുതൂക്ക വിഭാഗം നടത്തിയ പരിശോധനയില്‍ സംസ്ഥാനത്താകെ വ്യാപാരികള്‍ക്കെതിരെ 95 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 200 കടകളിലായിരുന്നു ഇന്നലെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും. ഇതിനു പുറമേ വാണിജ്യ നികുതി ഉദ്യോഗസ്ഥരും ഇന്നുമുതല്‍ പരിശോധനയ്ക്കിറങ്ങും.
എല്ലാ ജില്ലകളിലും പരമാവധി വിലയ്ക്കപ്പുറം (എംആര്‍പി) ഉപയോക്താക്കളില്‍നിന്നു വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പായ്ക്കറ്റിലെ വില തിരുത്തല്‍, മായ്ക്കല്‍, മറയ്ക്കല്‍, അളവിലും തൂക്കത്തിലും കുറവു വരുത്തല്‍, പാക്കേജിങ് വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കല്‍ എന്നിവ കണ്ടെത്തിയതായും അളവുതൂക്ക വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബില്ലുകളില്‍ ക്രമക്കേടു കണ്ടെത്തിയ സ്ഥലങ്ങളില്‍ ശരിയായ രീതിയില്‍ പുനഃക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കി. കുപ്പിവെള്ളത്തിന് അധികവില ഈടാക്കിയ ചില ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. പ്രധാന കേന്ദ്രങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലെല്ലാം പരിശോധനയ്ക്കു ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍മാര്‍ എന്നിവര്‍ക്കു ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, വില കുറയുന്നുവെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ഉല്‍പന്നങ്ങള്‍ക്കും ഫലത്തില്‍ വില കൂടുമെന്നു വാദിച്ചു വിവിധ മേഖലകളിലെ വ്യാപാരി സംഘടനകള്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനു പരാതി നല്‍കി. എന്നാല്‍, പ്രഖ്യാപിച്ച പട്ടികയില്‍ മാറ്റമില്ലെന്നും മുന്‍പുണ്ടായിരുന്ന പല നികുതികളെയുംകുറിച്ചു വ്യാപാരികള്‍ക്കു ധാരണയില്ലാത്തതാണു വിമര്‍ശനത്തിനു കാരണമെന്നും നികുതി വകുപ്പ് വൃത്തങ്ങളും വ്യക്തമാക്കി.
ജിഎസ്ടിയുടെ മറവില്‍ അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരാതിയുള്ളവര്‍ക്ക് ഉല്‍പന്നം വാങ്ങിയതിന്റെ ബില്‍ വാണിജ്യനികുതി വകുപ്പിന്റെ ഫെയ്‌സ്ബുക് പേജില്‍ അപ്‌ലോഡ് ചെയ്യാമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. https://www.facebook.com/postbillshere/ എന്ന പേജിലാണു ബില്ലുകള്‍ പോസ്റ്റ് ചെയ്യേണ്ടത്. പരാതി ന്യായമെന്നു കണ്ടാല്‍ കടകളില്‍ പരിശോധന നടത്തും.
https://www.facebook.com/Malayalivartha

























