കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യാവലി തയ്യാറാക്കി പോലീസ്

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. 143 പേജുള്ള മൊഴിയാണ് ദിലീപിന്റേത്, നാദിര്‍ഷയുടേത് 140 പേജ്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആലുവയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോസ്ഥരുടെ യോഗത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. ചോദ്യംചെയ്യലിനു ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അന്വേഷണ സംഘത്തലവന്‍ ഐജി: ദിനേന്ദ്ര കശ്യപിന്റെ അധ്യക്ഷതയില്‍ ആലുവ പൊലീസ് ക്ലബില്‍ ചേര്‍ന്ന യോഗത്തിലാണു നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലിലായ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഈ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
കേസന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐ.ജി. ദിനേന്ദ്ര കശ്യപ്, കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി ആലുവയില്‍ തങ്ങുകയാണ്.
https://www.facebook.com/Malayalivartha

























