വല്യേട്ടന്റെ പള്ളയില്‍ കുഞ്ഞനിയന്‍ കുത്തി... കേരള ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സിപിഐ മുഖപത്രം

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സിപിഐ മുഖപത്രമായ ജനയുഗം.
മൂന്നാറിലെ റിസോര്‍ട്ട് മാഫിയയില്‍ നിന്നും അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അതിശക്തമായ പ്രതികരണവുമായാണ് ബുധനാഴ്ച ജനയുഗം പുറത്തിറങ്ങിയത്. വിഷയം പത്രത്തിന്റെ മുഖപ്രസംഗമാണ്. അതായത് ഇതിനെ സിപിഐ യുടെ ഔദ്യോഗിക അഭിപ്രായം.
മുന്നാര്‍ അടക്കം ഇടുക്കിയില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് മാഫിയക്കും അവരെ സഹായിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ള ശക്തമായ താക്കീതാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി വിധിയെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞു.
റവന്യുമന്ത്രി ചന്ദ്രശേഖരനെ അപഹസിക്കുകയും അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ അവര്‍ വഹിക്കുന്ന പദവികളില്‍ തുടരണമോ എന്ന് സ്വയം തീരുമാനിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു. റിസോര്‍ട്ട് മാഫിയയെ സഹായിക്കുന്ന വ്യക്തികള്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുന:പരിശോധിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.
പാവപ്പെട്ട കുടിയേറ്റ കര്‍ഷകരുടെയും ഭൂരഹിതരായ തോട്ടം തൊഴിലാളികളുടെയും പേരില്‍ വിവാദ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് കോടതി വിധി തുറന്നു കാണിക്കുന്നതായി ജനയുഗം പറയുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെ പാവപ്പെട്ട കര്‍ഷകരുടെ പേരു പറഞ്ഞ് തടയുന്നവരുടെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള ഭരണനേത്യത്യത്തിനുള്ള മുന്നറിയിപ്പാണ് ഹൈക്കോടതി വിധിയെന്ന് ജനയുഗം പറയുന്നു. കാനം രാജേന്ദ്രന്റെ തത്വാധിഷ്ടിത നിലപാടിനുള്ള പിന്തുണ കൂടിയാണ് ഹൈക്കോടതി വിധിയെന്ന് ജനയുഗം പറയുന്നു.
പിണറായി വിളിച്ചു കുട്ടിയ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്ത സി പി ഐ നിലപാട് ശരിയാണെന്നും ജനയുഗം വാദിക്കുന്നു. സര്‍വകക്ഷി യോഗങ്ങളിലൂടെയോ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയോ നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. കുരിശ് അടക്കമുള്ള മത പ്രതീകങ്ങളുടെ സഹായത്തോടെയാണ് അര്‍ഹരായവര്‍ക്ക് ഭൂമി നിഷേധിച്ച് വ്യാജന്‍മാര്‍ ഭൂമി തട്ടിയെടുത്തതെന്നും ജനയുഗം പറയുന്നു.
ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള സാഹചര്യം സംജാതമാക്കാനുള്ള പരിശ്രമം കോടതി വിധിയിലൂടെ കൈവന്നിരിക്കുകയാണെന്ന് ജനയുഗം പറയുന്നു. താത്കാലികവും നിക്ഷിപ്തവുമായ താത്പര്യങ്ങളല്ല, വിശാലമായ ജനതാല്പര്യമായിരിക്കണം ഇടതു ഐക്യത്തിന്റെ അടിത്തറയെന്ന് ജനയുഗം പറയുന്നു. അനാവശ്യ വിവാദങ്ങള്‍ക്ക് വിരാമമിടണമെന്നും ജനയുഗം പറയുന്നു.
മൂന്നാറില്‍ ഭൂമി തിരിച്ചുപിടിച്ച സബ് കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത് ചൊവ്വാഴ്ചയാണ്. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സി പി എം ആലോചിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച് കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് റവന്യം മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























