യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് ആറ്റിങ്ങലില്‍ മരിച്ച നിലയില്‍

യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍ രാജ്(31) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹ. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇയാളെ കടത്തിണ്ണയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അഞ്ചിനും ആറിനും ഇടയ്ക്കാവാം പൊള്ളലേറ്റതെന്നാണ് പൊലീസ് നിഗമനം. മാമം പാലത്തിനടുത്ത് ഡ്രൈവിങ് സ്‌കൂളിന്റെ പാര്‍ക്കിങ് സ്ഥലത്തോടു ചേര്‍ന്ന കടത്തിണ്ണയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സമീപത്തെങ്ങും ആരെയും കണ്ടില്ലെന്നും വാഹനങ്ങളൊന്നും ആ സമയം പോയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും സജിന്‍ രാജിനെ പൊള്ളലേറ്റനിലയില്‍ കണ്ട സെക്യൂരിറ്റിക്കാരന്‍ പറയുന്നു.
സമീപത്തായി ടാക്സി കാര്‍ കണ്ടെത്തി. ഈ കാര്‍ സജിന്‍ രാജ് വാടകയ്ക്കെടുത്ത് ഓടിച്ചതായി പോലീസിനു വിവരം ലഭിച്ചു. കാറില്‍ കണ്ടെത്തിയ ഒരു കവറിനു പുറത്ത് 'ഒറ്റപ്പാലം സ്വദേശി, അച്ഛന്‍ രാജന്‍, ലാലു 30' എന്നും 'അമ്പിളി എന്നെ ചതിച്ചു, മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം മൂന്നുലക്ഷം' എന്നും എഴുതിയിരുന്നു. സജിന്‍ രാജിന്റെ തലയ്ക്കു താഴേക്കുള്ള ഭാഗത്താണ് പൊള്ളലേറ്റത്. വസ്ത്രങ്ങളെല്ലാം കരിഞ്ഞുപോയിരുന്നു.

കാറോടിച്ചു വന്ന ഇയാള്‍ കാര്‍ നിര്‍ത്തിയശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയിലൂടെ പെട്രോളൊഴിക്കാതിരുന്നതില്‍നിന്നാണ് പോലീസ് ഇങ്ങനെ കരുതുന്നത്. കണ്ടെത്തുമ്പോള്‍ ഞരക്കവും ചലനവുമുണ്ടായിരുന്നു. രണ്ട് മൊബൈല്‍ ഫോണുകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായി പോലീസിനു വിവരം കിട്ടി. ബുധനാഴ്ച ഉച്ചയോടെ സ്വിച്ച് ഓഫായ ഈ ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇയാള്‍ തിരുവനന്തപുരത്തേക്കു വന്നതിന്റെ കാരണവും വ്യക്തമല്ല. എവിടെ, എന്തിനു പോകുന്നുവെന്ന് ആരോടും പറഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. സജിന്‍ രാജ് നാട്ടില്‍ നല്ല വ്യക്തിത്വം സൂക്ഷിച്ചിരുന്നയാളാണെന്നാണ് പോലീസിനു കിട്ടിയ വിവരം. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നില്ലെന്നും അഥവാ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയുന്ന കുടുംബ പശ്ചാത്തലമാെണന്നുമാണ് വിവരം. ദേശീയപാതയിലെ ക്യാമറകളില്‍നിന്നുള്ള വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. കാറില്‍ ഇയാള്‍ തനിച്ചായിരുന്നോ വാഹനത്തെ ആരെങ്കിലും പിന്തുടര്‍ന്നിരുന്നോ തുടങ്ങിയ വിവരങ്ങള്‍ ഇവയില്‍നിന്നു കിട്ടുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























