നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ യാതൊരു തെളിവുമില്ല; നടക്കുന്നത് സന്ധ്യയ്ക്ക് സ്വാമിയുടെ ലിംഗ ഛേദന കേസില്‍ ഉണ്ടായ ബാഡ് ഇമേജ് പരിഹരിക്കാനുള്ള ശ്രമം; വിവാദ അഭിമുഖവുമായി മുന്‍ ഡിജിപി സെന്‍കുമാർ

നടിയെ ആക്രമിക്കല്‍ കേസില്‍ ദിലീപിനെതിരെ യാതൊരു നടപടിയും ഉണ്ടാകാന്‍ പോകുന്നില്ലെന്ന സൂചനയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. കേസില്‍ ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ലെന്നും, ഇപ്പോള്‍ നടക്കുന്നത് എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരണമായ സമകാലിക മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിന് ക്ലീന്‍ചിറ്റ് നൽകി സെൻകുമാർ രംഗത്ത് വന്നത്. കേസില്‍ ഉന്നതരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടൈന്ന ആരോപണം ശക്തമായി ഉയര്‍ന്ന വേളയിലാണ് ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അഭിമുഖത്തില്‍ സെന്‍കുമാര്‍ പറയുന്നത് ഇങ്ങനെ:
"അടിസ്ഥാനപരമായി എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല അതുകൊണ്ട് സന്ധ്യ തന്നെ അന്വേഷിക്കേണ്ട എന്ന് ഞാന്‍ നിര്‍ദേശം കൊടുത്ത അന്ന് അവരവിടെ വന്നിരുന്നു, പൊലീസ് ആസ്ഥാനത്ത്. സാര്‍ അങ്ങനെയൊരു ഓര്‍ഡറിട്ടത് എനിക്ക് ഭയങ്കര വിഷമമായി എന്ന് എന്നോടു പറഞ്ഞു.

നിങ്ങളെന്താണീ ചെയ്യുന്നതൊക്കെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. സാറെന്നോടു ചോദിച്ചോ എന്നാണ് അപ്പോഴവരുടെ ചോദ്യം. എനിക്ക് ദേഷ്യം വന്നു. ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടാണോ ചെയ്യുന്നത്? അഹങ്കാരമല്ലേ അത്. ആ കേസില്‍ ഇതുവരെ സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെയോ ഇടപെടല്‍ ഉണ്ടായിട്ടില്ല. അതില്‍ ആകെയുള്ളത് സന്ധ്യയ്ക്ക് സ്വാമിയുടെ കേസിലൊക്കെ ഉണ്ടായിട്ടുള്ള ബാഡ് ഇമേജ് പരിഹരിക്കാനുള്ള ഇടപെടലാണ്.

ദിലീപിനെതിരേ ഒരു തെളിവുമില്ല, ഇതുവരെ. സുനില്‍കുമാര്‍ മുമ്പേ ഈ രീതിയില്‍ ഒന്നിലധികം നടിമാരോട് പെരുമാറിയിട്ടുള്ളയാളാണ്. സന്ധ്യയുടെ ചെയ്തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ. അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് ഞാന്‍ കാണുന്നത്.” (സന്ധ്യയെ കുറിച്ച് സെന്‍കുമാര്‍ അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നത്).
https://www.facebook.com/Malayalivartha


























