'ടി' സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍, ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് മുന്‍മേധാവി ടി.പി. സെന്‍കുമാര്‍

'ടി' സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എന്നാല്‍ ഫയല്‍ കടത്തിയിട്ടുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പോലീസ് മുന്‍മേധാവി ടി.പി. സെന്‍കുമാര്‍. ഈ ആക്ഷേപം പോലീസ് മേധാവി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഫയലുകളുടെ ഓഡിറ്റിങ് നടത്താനും ഡിജിപി നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ടി സെക്ഷനില്‍ നിന്ന് എഡിജിപി: ടോമന്‍.ജെ.തച്ചങ്കരി ഫയലുകള്‍ കടത്തിയെന്നായിരുന്നു ആരോപണം.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ല. കടത്തിയില്ലെന്ന് പറയാന്‍ ന്യായങ്ങളുണ്ടാകാം. പകര്‍പ്പ് എടുത്തുവച്ചാലും മതിയെന്നും സെന്‍കുമാര്‍ പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ താന്‍ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വീണ്ടും തച്ചങ്കരിയെ ന്യായീകരിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ നടപ്പാക്കേണ്ടതില്ല. തച്ചങ്കരി ഇപ്പോള്‍ ആ സ്ഥാനം വഹിക്കാത്ത സാഹചര്യത്തില്‍ നടപടിയുടെ ആവശ്യമില്ലെന്ന് വിജിലന്‍സിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പോലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.
ടി സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയുടെ പരാതിയില്‍ സര്‍ക്കാരിനു നല്‍കിയ വിശദീകരണത്തിലാണു സെന്‍കുമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നത്. സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി തച്ചങ്കരി കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ടി സെക്ഷനില്‍ നിന്നു മാറ്റിയതുമായി ബന്ധപ്പെട്ട് കുമാരി ബീന നല്‍കിയ പരാതിയിലാണു സെന്‍കുമാറിനോടു സര്‍ക്കാര്‍ വിശദീകരണം തേടിയത്.
അതിന്റെ മറുപടിയിലാണു തച്ചങ്കരിക്കെതിരായ കേസുകളുടെ അടക്കം ഫയലുകള്‍ അദ്ദേഹം ചോര്‍ത്തിയെന്നു സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിച്ചത്. കുമാരി ബീനയുടെ സഹായത്തോടെയായിരുന്നു ഇത്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണിത്. ഇതുപ്രകാരം കേസ് എടുത്ത് അന്വേഷിച്ചാല്‍ എല്ലാം പുറത്തുവരുമെന്നും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനു നല്‍കിയ വിശദീകരണത്തിലായിരുന്നു സെന്‍കുമാറിന്റെ ഗുരുതര ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha


























