ദിലീപിന് ഒന്നിന് പിറകെ ഒന്നായി അടി

ദിലീപിന്റെ ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ. ചാലക്കുടി നഗരസഭാ യോഗമാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് അന്നത്തെ നഗരസഭാ സമിതി അനുമതി നല്‍കിയത്. 2014ലായിരുന്നു ഇത്. അനുമതി ലഭിക്കുന്നതിന് ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സിലിലും ചര്‍ച്ച വന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ദിലീപിന് മറ്റൊരു അടിയാകും അത്.
ദിലീപ് വിഷയം ചര്‍ച്ചക്കെടുക്കും മുമ്പ് തന്നെ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയി. നിലവില്‍ പ്രതിപക്ഷമാണ് യുഡിഎഫ്. പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് 20 ലക്ഷം നല്‍കിയതിന് പുറമെ, ടൗണ്‍ഹാള്‍ നിര്‍മാണത്തിന് ദിലീപ് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും ഒരു എല്‍ഡിഎഫ് അംഗം ആരോപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്ന കാഴ്ചയാണിപ്പോള്‍. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ കഴിഞ്ഞ ദിവസം പുതിയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് ആണ് നിര്‍ദേശം നല്‍കിയത്.
ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം. ഡി സിനിമാസുമായി ബന്ധപ്പെട്ട് കലാഭവന്‍ മണിയും ദിലീപും തമ്മില്‍ ഉടക്കിയിരുന്നുവെന്ന് വിവരവും പുറത്തുവന്നിരുന്നു. മണിയുടെ മരണത്തിന് കുറച്ചുനാള്‍ മുമ്പായിരുന്നു ഇത്. സംഭവത്തെ കുറിച്ച് മണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് രഹസ്യവിവരം ലഭിച്ചുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























