ദിലീപിന്റെ ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന്; ജഡ്ജിയമ്മാവന്റെ അനുഗ്രഹം തേടി സഹോദരന്‍ അനൂപ്

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് പൊന്‍കുന്നം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവന്‍ കോവിലിലെത്തി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകള്‍ നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ചില സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അടവഴിപാടും കഴിച്ചാണ് മടങ്ങിയത്. സംഘത്തില്‍ ഒരു സ്ത്രീയടക്കം അഞ്ച് പേര്‍ ഉണ്ടായിരുന്നു. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവര്‍ മടങ്ങിയത്. അധികമാരെയും അറിയിക്കാതെയായിരുന്നു ക്ഷേത്രദര്‍ശനം.

കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയത്.

കോടതി വ്യവഹാരങ്ങളില്‍പ്പെട്ട ഉഴലുന്നവര്‍ ഈ ഉപദേവാലയ നടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. പ്രശസ്തരായ അഭിഭാഷകരും ന്യായാധിപന്‍മാരും മാത്രമല്ല, രാഷ്ട്രീയ-സമൂഹിക-കായിക രംഗത്തെ പ്രമുഖരും നിയമവഴികളില്‍ നീതി തേടി ഇവിടെയെത്താറുണ്ട്. ജാമ്യം ലഭിച്ചാല്‍ ഉടന്‍ തന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























