പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യമൊഴി നല്‍കി; തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞെന്ന് സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അമ്മ രഹസ്യമൊഴി നല്‍കി. പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ അമ്മ ശോഭനയുടെ മൊഴിയാണ് കാലടി കോടതിയില്‍ രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ദിലീപ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്’- ദിലീപ് ജാമ്യഹർജിയിൽ അവകാശപ്പെട്ടു. കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടണമെന്നു ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അപ്പുണ്ണി ബുധനാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
അതിനിടെ, നടൻ ദിലീപ് പ്രതിയായ ക്വട്ടേഷൻ മാനഭംഗക്കേസിലെ തൊണ്ടിമുതലായ മൊബൈൽ ഫോൺ ഒളിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകൻ പ്രതീഷ് ചാക്കോ കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. കേസിലെ പ്രതിയായ സുനിൽ കുമാർ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചതായി മൊഴി നൽകിയിരുന്നു.
പ്രതീഷ് ഈ മൊബൈൽ ഫോൺ ഒരു ‘വിഐപി’യുടെ കൈവശം ദിലീപിന് എത്തിച്ചതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം. ദിലീപിനു വേണ്ടി മൊബൈൽ ഫോൺ ഏറ്റുവാങ്ങിയ ‘വിഐപി’യുടെ പേരു പൊലീസിനു ലഭിച്ചു. ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവും. അതേസമയം, ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമാവ്യവസായം അനിശ്ചിതത്വത്തിലായി. 60 കോടിയുടെയെങ്കിലും നഷ്ടമാണ് കണക്കാക്കുന്നത്.
ദിലീപ് നായകനായ നാലു ചിത്രങ്ങളുടെ ഭാവിയാണു തുലാസിൽ. ടോമിച്ചൻ മുളകുപ്പാടം നിർമിച്ച ‘രാമലീല’, ഗോകുലം മൂവീസിന്റെ ‘കമ്മാരസംഭവം’, അശോക് കുമാറിന്റെ ‘സഞ്ചാരി’, സനൽ തോട്ടം നിർമിക്കുന്ന ‘പ്രഫ. ഡിങ്കൻ’ എന്നീ സിനിമകളുടെ ഭാവിയാണ് തുലാസിലായത്.
https://www.facebook.com/Malayalivartha























