നഴ്‌സുമാരുടെ സമരം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്ന്

നഴ്‌സുമാരുടെ സമരം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്നു നാലുമണിക്ക്. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാപ്രതിനിധികളാണു പങ്കെടുക്കുന്നത്. രാവിലെ 11നു വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും. കഴിഞ്ഞ 10നു ചേര്‍ന്ന മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഈ യോഗത്തില്‍ അംഗീകരിച്ചു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച.
ചര്‍ച്ച പൊളിഞ്ഞാല്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി തന്നെ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ സംഘടനയും ആശുപത്രി മാനേജ്‌മെന്റുകളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
ഏറ്റവും കുറഞ്ഞത് 20,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്‌സുമാരുടെ സംഘടനയും അത് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകളും നിലപാടെടുത്തു. അഡ്വ. സുഹ്‌റ, അഡ്വ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്ത മീഡിയേഷന്‍ കമ്മിറ്റിയില്‍ സ്വകാര്യ ആശുപത്രി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍, കത്തോലിക്കാ ആശുപത്രികളുടെ അസോസിയേഷന്റെ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ജൂബിലി ആശുപത്രി ഡയറക്ടര്‍ ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ എന്നിവരാണു പങ്കെടുത്തത്.
ഇരുപതോളം ആശുപത്രികളില്‍ സമരത്തിനു നേതൃത്വം കൊടുക്കുന്ന ഐഎന്‍എയുടെ പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല. ഇവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്താല്‍ മാത്രമേ പ്രശ്‌നപരിഹാരത്തിനു സാധുതയുള്ളൂ എന്ന നിലപാടെടുത്തതോടെയാണ് ചര്‍ച്ച അവസാനിപ്പിച്ചത്. നഴ്‌സുമാര്‍ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായില്ലെന്നു ചര്‍ച്ചയ്ക്കുശേഷം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ പറഞ്ഞു.
മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് ആശുപത്രികളില്‍ കൂട്ട അവധി എടുക്കുന്നതിനാല്‍ മൂന്നിലൊന്നു ജീവനക്കാര്‍ മാത്രമേ ഇന്നു ജോലിക്ക് ഹാജരാവുകയുള്ളൂ. ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ല. ലഭ്യമായ ജീവനക്കാരെവച്ച് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുമെന്നു മാനേജ്‌മെന്റുകളുടെ പ്രതിനിധികള്‍ അറിയിച്ചു.
നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ചാല്‍ ആശുപത്രികളുടെ നടത്തിപ്പു പ്രതിസന്ധിയിലാകുമെന്നാണു മാനേജ്‌മെന്റുകളുടെ നിലപാട്. ശമ്പള വര്‍ധനയ്‌ക്കൊപ്പം ട്രെയിനി സമ്പ്രദായത്തെക്കുറിച്ചുള്ള തീരുമാനവും ഇന്നു മുഖ്യമന്ത്രിയുടെ യോഗത്തില്‍ ചര്‍ച്ചയാകും. ട്രെയിനി സമ്പ്രദായം ഒരുവര്‍ഷമായി നിജപ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാരിനു മുന്നിലുണ്ട്. ട്രെയിനി സംവിധാനം സുപ്രീം കോടതി നിരോധിച്ചിട്ടുള്ളതിനാല്‍ അതിനു വിരുദ്ധമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അതു കോടതിയലക്ഷ്യമാകും.
https://www.facebook.com/Malayalivartha























