കാല്‍ ലക്ഷം എഞ്ചിനീയറിംഗ് സീറ്റുകള്‍ കാലി; എന്നിട്ടും 2000 എഞ്ചിനീയറിംഗ് സീറ്റുകള്‍ കൂടി

കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുമ്പോള്‍ ആറ് ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍ക്ക് 2000 പുതിയ എഞ്ചിനീയറിംഗ് സീറ്റുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തിലേക്ക്. അതേ സമയം ഇനിയും എഞ്ചിനീയറിംഗ് കോളേജുകള്‍ തുറക്കാനുള്ള നീക്കം അഴിമതിക്ക് കാരണമാകുമെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ താറുമാറാക്കുമെന്നും എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ വകവയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
മുന്‍മന്ത്രി റ്റി എസ് ജോണിന്റെ നേതൃത്വത്തിലുള്ള സെന്റ് ഗ്രിഗോറിയസ് മെമ്മോറിയല്‍ ട്രസ്റ്റ് കാസര്‍ഗോഡ് പെര്‍ളയിലും അടൂര്‍ സെന്റ് തോമസ് സൊസൈറ്റി കണ്ണൂര്‍ ശിവപുരത്തും തൃശ്ശൂര്‍ ഫോക്കസ് ട്രസ്റ്റ് പരുമലയിലും കോളേജുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. കോട്ടയം ടോംസ്, ആലപ്പുഴ കാര്‍മ്മല്‍, കോട്ടയം വിശ്വേശ്വരയ്യ എന്നിവയ്‌ക്ക് എ ഐ സി റ്റി അംഗീകാരം ലഭിച്ചു. പെരിന്തല്‍മണ്ണയില്‍ എം ബി എ കോളേജ് ആരംഭിക്കാനാണ് നീക്കം. കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള അധികാരം എ ഐ സി റ്റിയില്‍ നിന്നും യു ജി സി ഏറ്റെടുത്തിരുന്നെങ്കിലും സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് തിരികെ നല്‍കിയിരുന്നു.
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരത്താഴ്‌ചയാണ് കാരണം. പല കോളേജുകളിലും പഠിക്കുന്നവര്‍ തന്നെയാണ് പഠിപ്പിക്കുന്നത്. പരിചയ സമ്പന്നരായ അധ്യാപകരുടെ അഭാവം കാരണം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തോല്‍ക്കുന്നു. മികച്ച അധ്യാപകരെ നിയമിക്കണമെങ്കില്‍ മാന്യമായ ശമ്പളം നല്‍കണം. എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ശമ്പളം നല്‍കാന്‍ വിമുഖരാണ്. അതേസമയം ലക്ഷക്കണക്കിന് രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസിനത്തില്‍ ഈടാക്കുന്നത്.
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകള്‍ മിനിമം നിലവാരം പുലര്‍ത്തുന്നില്ലെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് അഴിമതിക്ക് കളമൊരുക്കി പുതിയ കോളേജുകള്‍ അനുവദിക്കുന്നത്.
എ ഐ സി റ്റി അംഗീകാരം കിട്ടിയാല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കാതിരിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയ്‌ക്കാനും നിലവിലുള്ള കോളേജുകള്‍ അടച്ചു പൂട്ടാനും സര്‍ക്കാരിന്റെ പുതിയ നീക്കം കാരണമാകുമെന്ന് അസോസിയേഷനും കുറ്റപ്പെടുത്തുന്നു. എന്നാല്‍ അതൊന്നും സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. കേരളത്തില്‍ നിന്നും പുതിയ കോളേജുകളുടെ അംഗീകാരത്തിനായി മുപ്പതോളം അപേക്ഷകള്‍ ലഭിച്ചതായാണ് എ ഐ സി റ്റി വൃത്തങ്ങള്‍ അറിയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























