അതിവേഗം ബഹുദൂരം ചെന്നിത്തല... ഉമ്മന്‍ചാണ്ടിക്ക് ക്ഷീണം, കുബേരക്കുശേഷം ജനസമ്പര്‍ക്കം

സൂപ്പര്‍ മുഖ്യമന്ത്രിയായി കഴിഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ ട്രെയ്‌ഡ്‌മാര്‍ക്ക് പദ്ധതിയായ ജനസമ്പര്‍ക്കവും അടിച്ചുമാറ്റി. ഓപ്പറേഷന്‍ കുബേരയിലൂടെ സംസ്ഥാന മന്ത്രിമാരില്‍ ഒന്നാമതെത്തിയ ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ മുകളിലെത്താനാണ് ശ്രമിക്കുന്നത്. കൃത്യമായ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്‌ത് മുന്നോട്ട് പോകുന്ന രമേശ് ചെന്നിത്തല ജനസമ്പര്‍ക്ക പരിപാടിയില്‍ ലക്ഷ്യമിടുന്നത് പോലീസിനെ സംബന്ധിക്കുന്ന പരാതികളാണെങ്കിലും ജൂണ്‍ 21ന് ആലപ്പുഴ കളക്‌ടറേറ്റില്‍ നടക്കുന്ന ജനസമ്പര്‍ക്കത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്ലാതരം പരിപാടികള്‍ക്കും പരിഹാരം കണ്ടെത്താനാണ് രമേശിന്റെ ശ്രമം. ഇതിനര്‍ത്ഥം ലക്ഷ്യം പോലീസ് മാത്രമല്ല. സാധാരണഗതിയില്‍ മുഖ്യമന്ത്രിയാണ് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പരാതി പരിഹാരത്തിന് ശ്രമിക്കാറുള്ളത്. പരാതികള്‍ അധികമുണ്ടെങ്കില്‍ രമേശ് വീണ്ടും ജില്ലയില്‍ ജനസമ്പര്‍ക്കം നടത്തും.
മറ്റ് ജില്ലകളിലെ ജനസമ്പര്‍ക്കപരിപാടിയുടെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ തീയതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഓപ്പറേഷന്‍ കുബേരയുടെ വിജയമാണ് രമേശിനെ ജനസമ്പര്‍ക്കത്തിന് പ്രേരിപ്പിച്ചത്. അഭ്യന്തരമന്ത്രിയെ കാണാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും തിരുവനന്തപുരത്തെത്തി തന്നെ കാണുന്നത് സാധാരണകാര്‍ക്ക് അപ്രായോഗികമാണെന്നുമാണ് രമേഷ് ചെന്നിത്തല പറയുന്നത്.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയെന്ന നിലയില്‍ ജനകീയനാക്കിയത് ജനസമ്പര്‍ക്കമാണ്. ആയിരക്കണക്കിന് പരാതികളാണ് ഓരോ ജില്ലയിലും അദ്ദേഹം പരിഹരിക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ചാണ് അദ്ദേഹം ജനസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാറുള്ളത്. ജനസമ്പര്‍ക്കത്തിന് യു.എന്‍. അംഗീകാരവും ലഭിച്ചിരുന്നു. ഇതെല്ലാം പ്രേരണയായിരിക്കാം.
എല്ലാ മന്ത്രിമാരും ജനസമ്പര്‍ക്കം നടത്തുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വക്താക്കള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രമേഷിന്റെ നീക്കങ്ങളില്‍ ഉമ്മന്‍ചാണ്ടി തൃപ്‌തനല്ലെന്നാണ് അറിവ്. ഓപ്പറേഷന്‍ കുബേരയിലൂടെ മന്ത്രി ബഹുദൂരം മുന്നിലെത്തിയതായും ഉമ്മന്‍ചാണ്ടി കരുതുന്നു. മന്ത്രിസഭയിലെ ഗ്ലാമറസ് മന്ത്രിയായി രമേശ് മാറിയതും എ ഗ്രൂപ്പ് നേതാക്കളെ അസ്വസ്ഥരാക്കുന്നു. പാര്‍ട്ടിയിലെ ഒന്നാം നിരക്കാരനായിരുന്ന രമേശ് തന്ത്രം മെനയുന്നതില്‍ മിടുക്കനാണ്. രമേശിനെ ഉമ്മന്‍ചാണ്ടി ദീര്‍ഘകാലം അകറ്റി നിര്‍ത്തിയപ്പോള്‍ രമേശ് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നു വന്നതും അങ്ങനെയാണ്. ഇതിനിടയില്‍ സരിത കേസില്‍ രമേശ് തനിക്കെതിരെ കളിതുടങ്ങുമോ എന്ന ഭയവും മുഖ്യമന്ത്രിക്കുണ്ട്. കാരണം പോലീസ് രമേശിന്റെ കൈയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























