മെഡിക്കല്‍ കോഴ; രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്ന് ഇടനിലക്കാരന്‍

മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ തനിക്ക് യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ ബന്ധങ്ങളും ഇല്ലെന്ന് ഇടനിലക്കാരന്‍ സതീഷ് നായര്‍. മെഡിക്കല്‍ കോളേജ് ഉടമയും തന്റെ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ താന്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂവെന്ന് സതീഷ് നായര്‍ വിജിലന്‍സിന്റെ അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി.
ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തന്റെ ഒരു കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന്റെ ഭാഗമായാണ് താന്‍ മെഡിക്കല്‍ കോളേജ് ഉടമയായ ഷാജിയുമായി ബന്ധപ്പെട്ടത്. ഇതിനു വേണ്ടിയുള്ള ഒരു പ്രാദേശിക ഇടനിലക്കാരന്‍ മാത്രമായിരുന്നു ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആര്‍എസ് വിനോദ്. ഇദ്ദേഹവുമായി മറ്റൊരു തരത്തിലുമുള്ള രാഷ്ട്രീയ ബന്ധവും തനിക്കില്ല. വിനോദിലൂടെയാണ് മെഡിക്കല്‍ കോളേജ് ഉടമ ഷാജിയുമായുള്ള ബന്ധം സുഗമമാക്കിയത്.
മെഡിക്കല്‍ കോളേജ് അനുമതിക്ക് വേണ്ടി 25 ലക്ഷം രൂപ താന്‍ കണ്‍സള്‍ട്ടന്‍സി ഫീസ് ആയി വാങ്ങിയിരുന്നു. ഇക്കാര്യത്തില്‍ താനും ഷാജിയും തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടായി. ഇതില്‍ നിന്നും ഒരു വര്‍ഷത്തെ കണ്‍സള്‍ട്ടന്‍സി ഫീസ് ആയ പത്ത് ലക്ഷം രൂപ എടുത്തതിനു ശേഷം ബാക്കി നല്‍കാമെന്ന് താന്‍ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ബിജെപിയുമായി തനിക്ക് യാതൊരു വിധത്തിലമുള്ള ബന്ധവും ഇല്ല. ആര്‍ക്കും ചെന്ന് കാണാവുന്ന അത്രയും ബന്ധം മാത്രമേ തനിക്കും ഉള്ളൂ.
അനുമതിയുമായി ബന്ധപ്പെട്ട 5.6 കോടി രൂപ കോഴ ആരോപണത്തില്‍ വസ്തുത ഇല്ല. വിഷയത്തില്‍ നിരവധി ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയോട് താന്‍ പ്രതികരിക്കുന്നില്ല. വെറും ആരോപണമായി മാത്രമേ അതിനെ കണക്കാക്കുന്നുള്ളൂവെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതിനു ശേഷം സതീഷ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മെഡിക്കല്‍ കോളജ് അനുമതിക്കായി വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളജ് ഉടമ ആര്‍.ഷാജി ബിജെപി നേതാക്കള്‍ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്. നേരത്തെ ആര്‍.ഷാജിയില്‍ നിന്ന് 25 ലക്ഷം രൂപ സതീഷ്‌നായര്‍ക്ക് കൈമാറിയതായി ആര്‍.എസ്.വിനോദ് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























