അര്‍ഹതയുണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ തടഞ്ഞുവച്ച ശമ്പളം കിട്ടാതെ അധ്യാപിക യാത്രയായി

അര്‍ഹതയുണ്ടായിട്ടും സാങ്കേതിക കാരണങ്ങളാല്‍ ആറുമാസമായി തടഞ്ഞുവച്ച ശമ്പളം കിട്ടാതെ അര്‍ബുദ രോഗിയായ അധ്യാപിക യാത്രയായി. തെന്നിലാപുരം കരുണ യു.പി സ്‌കൂളിലെ അധ്യാപിക തൃശൂര്‍ കുന്നംകുളം പനയ്ക്കല്‍ പീറ്ററിന്റെ ഭാര്യ എം.പി പ്രീതി(41) യാണ് കാരുണ്യമില്ലാത്ത ഉദ്യോഗസ്ഥരുടെ ലോകത്തുനിന്നു മറഞ്ഞത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. രോഗവും സാമ്പത്തികബുദ്ധിമുട്ടും മൂലം അധ്യാപിക മാനസികമായി തകര്‍ന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പ്രീതി പഠിപ്പിച്ചിരുന്ന സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. കെട്ടിടത്തിന് അംഗീകാരമില്ലാത്തതിനാല്‍ അധ്യാപകരുടെ തസ്തികയ്ക്ക് അംഗീകാരമില്ലായിരുന്നു. ഇക്കാരണത്താലാണ് ശമ്പളം മുടങ്ങിയതെന്ന് ആലത്തൂര്‍ എ.ഇ.ഒ: അനില്‍കുമാര്‍ പറഞ്ഞു.
അവശത അനുഭവിച്ചിരുന്ന പ്രീതിക്ക് ജൂണ്‍ മുതല്‍ ആറു മാസത്തേക്ക് അര്‍ബുദരോഗികള്‍ക്ക് നല്‍കുന്ന പ്രത്യേകഅവധി അനുവദിച്ചിരുന്നു. ശമ്പളം എ.ഇ.ഒ: അന്യായമായി തടഞ്ഞുവച്ചിരുന്നതായി കെ.പി.എസ്.ടി.എ. ജില്ലാക്കമ്മിറ്റി കുറ്റപ്പെടുത്തി.
ചികിത്സയ്ക്കും മറ്റുമായി സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന പ്രീതിക്ക് മികച്ച ചികിത്സ ലഭിച്ചില്ലെന്നും മരിച്ച സാഹചര്യം വിജിലന്‍സ് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാണിയമ്പാറ മഞ്ഞളിവീട്ടില്‍ കുടുംബാംഗം. മകന്‍: പ്രജിത്ത് പീറ്റര്‍.
https://www.facebook.com/Malayalivartha

























