പൊലീസുകാര്‍ക്ക് വീട്ടില്‍ കാര്യമുണ്ട്

തന്റെ വീട്ടുമുറ്റത്ത് പൊലീസിനെ കണ്ടാല്‍ ആരായാലും ചോദിക്കും, പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം? എന്നാല്‍ വീട്ടമ്മയുടെ പരിഭവം കണ്ടതോടെ കൊല്ലം ഈസ്റ്റ് എസ്.ഐ വളച്ചുകെട്ടില്ലാതെ വന്ന കാര്യം വ്യക്തമാക്കി. 'പേടിക്കേണ്ട ഇവിടത്തെ കാര്യങ്ങളൊക്കെ തിരക്കാന്‍ വന്നതാണ്. ഇതു പോലെ എല്ലാ വീടുകളിലും ഞങ്ങള്‍ പോകും' ഇത് കേട്ടതോടെ വീട്ടമ്മയ്ക്ക് ആശ്വാസമായി.
എസ്.ഐ തുടര്‍ന്നു. കുറച്ചു വീടുകളുടെ സുരക്ഷാകാര്യം ഒരു പൊലീസുകാരനെ ഏല്‍പ്പിക്കും. അദ്ദേഹം ഇടയ്ക്ക് ഇവിടെ വന്ന് പുറത്തു നിന്ന് നിങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിയും പോകും അത്ര തന്നെ. അല്ലാതെ പേടിക്കാന്‍തക്ക ഒന്നുമില്ല.
ഈസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ശാന്തിനഗറിലെ ആദ്യത്തെ പരിചയപ്പെടുത്തല്‍ ആയതുകൊണ്ടാണ് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇറങ്ങിയത്. പൂരിപ്പിച്ചു നല്‍കാനായി ഒരു ഫോം അവിടെ നല്‍കിയ ശേഷം പൊലീസ് സംഘം അടുത്ത വീട്ടിലേക്കു പോയി. ഇത് ജനമൈത്രി പൊലീസിന്റെ പുതിയ മുഖമാണ്.
ജനങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും അതുവഴി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുകയുമാണ് ഈ ഭവന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സാധാരണ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും മറ്റുമാണ് വീടുകളില്‍ പൊലീസ് എത്തുന്നത്. പിന്നെ ചില വീടുകളില്‍ എത്തേണ്ടി വരുന്നത് ചിലരെ 'പൊക്കാന്‍' വേണ്ടിയും. അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഇപ്പോഴത്തെ പൊലീസിന്റെ ഈ വരവ്. പഴയ ബീറ്റ് പൊലീസിംഗ് സംവിധാനത്തിനെ പരിഷ്‌കരിച്ചെടുത്താണ് ജനോപകാരപ്രദമായ സംവിധാനമാക്കിയിരിക്കുന്നത്.
പൊലീസ് തേടുന്ന വിവരങ്ങള്‍ വീട്ടുടമസ്ഥന്റെ പേര്, ജോലി, ഫോണ്‍, മറ്റ് അംഗങ്ങളുടെ പേര്, വാഹനങ്ങളുടെ വിശദവിവരം, പരാതി, മറ്റ് വിവരങ്ങള്‍ അറിയിക്കാനുണ്ടെങ്കില്‍, ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരം, മുതിര്‍ന്ന പൗരന്മാരെ കുറിച്ചുള്ള വിവരം, സാന്ത്വന ചികിത്സ വേണ്ടവരുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ഇതൊക്കെയാണ്.
വീടുകളില്‍ പൊലീസ് എത്തുമെങ്കിലും ആരുടേയും വ്യക്തിജീവിതത്തിലേക്ക് കടന്നുകയറില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അജീതാ ബീഗം പറഞ്ഞു. പൊലീസ് വീട്ടില്‍ വരുന്നത് ഇഷ്ടക്കേടുള്ളവര്‍ അതറിയിച്ചാല്‍ മതി. പൊലീസിന്റെ ഭാഗത്തു നിന്നും മോശം സമീപനമുണ്ടായാല്‍ അതും അറിയിക്കാം. നടപടിയുണ്ടാകും. ജനമൈത്രി ആശയം പൂര്‍ണാര്‍ത്ഥത്തില്‍ പ്രയോഗികമാക്കാന്‍ വേണ്ടിയാണ് ഈ പരിഷ്‌കാരം കമ്മീഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























