ഒടുവില്‍ എം എ ബേബി നിയമസഭയിലെത്തി, എത്തിയത് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന്, രാജിക്കാര്യം പിന്നീട് തീരുമാനിക്കും

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് നിന്നിരുന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം.എ.ബേബി നിയമസഭയിലെത്തി. കഴിഞ്ഞ അഞ്ചു ദിവസം നിയമസഭയിലെത്താതെ അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു. സഭ തുടങ്ങിയ സമയം എത്താതിരുന്ന ബേബി 9.15-ഓടെയാണ് സഭയിലെത്തിയത്.
ഈ വരുന്ന 21, 22 തീയതികളില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ബേബിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അതുവരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബേബി ഇന്നു സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. നിയമസഭയിലെത്തിയ അദ്ദേഹത്തെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്. നേരത്തെ തന്റെ വാഹനത്തില്‍ നിന്നും എംഎല്‍എയുടെ ബോര്‍ഡ് ബേബി നീക്കം ചെയ്‌തിരുന്നു.
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വന്തം നിയോജക മണ്ഡലമായ കുണ്ടറയിലും സ്വന്തം പഞ്ചായത്തിലും വോട്ടുകള്‍ കുറഞ്ഞുപോയതിലുള്ള ധാര്‍മ്മികത കണക്കിലെടുത്ത് എംഎല്‍എ സ്ഥാനം ഒഴിയാന്‍ അദ്ദേഹം പാര്‍ട്ടി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ രാജി വയ്‌ക്കാന്‍ പാര്‍ട്ടി അനുവാദം നല്‍കിയില്ല. ഈ വിഷയം കേന്ദ്രകമ്മിറ്റി നേതാക്കളെയും ബേബി അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചു ഈ മാസം 21, 22 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു.
ധാര്‍മ്മികതയുടെ പേരില്‍ സഭയിലെത്താന്‍ സാധിക്കില്ലെന്ന് എം.എ.ബേബി സംസ്ഥാന നേതാക്കളെ അറിയിക്കുകയും രാജി കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണമെന്നും അറിയിച്ചിരുന്നു. അഞ്ച് ദിവസമായി ബേബി സഭയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ പല വിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബേബി സഭയില്‍ എത്താത്തത് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും സഭയിലെത്തണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് നിയമസഭയില്‍ ഹാജരാകണമെന്ന് കേന്ദ്ര നേതൃത്വം ബേബിയോട് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























